ആകാംക്ഷയ്ക്കും അതിരു വേണം
——————————————–
ആത്മീയതയെന്താണെന്നു പഠിക്കാൻ, ഗുരുവിനെപ്പം താമസിക്കുകയായിരുന്നു ഒരു ശിഷ്യൻ. ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടും അയാൾക്കൊന്നും പഠിക്കാൻ ആയില്ല. ഇതുവരെയും ആത്മീയ രഹസ്യങ്ങളൊന്നും തന്നെ പഠിപ്പിച്ചില്ലല്ലോ എന്നു ശിഷ്യൻ പല പ്രാവശ്യം പരിതപിച്ചപ്പോൾ, ഗുരു ശിഷ്യനെയൊരു പാത്രം ഏല്പിച്ചിട്ടു പറഞ്ഞു: “ഇതെൻ്റെ സുഹൃത്തിനെത്തിച്ചു കൊടുക്കുക”.
ശിഷ്യൻ പാത്രവുമായി യാത്ര തിരിച്ചു. പാത്രത്തിൻ്റെ വായ മൂടിക്കെട്ടിയിരുന്നതിനാൽ, അതിനകത്ത് എന്താണെന്നു ശിഷ്യനറിയില്ലായിരുന്നു. കുറേ ദൂരം പിന്നിട്ടപ്പോൾ, ആകാംക്ഷ സഹിക്കാനാകാതെ, അയാൾ പാത്രം തുറന്നു. ഒരു ചുണ്ടെലി അതിൽ നിന്നും പുറത്തു ചാടി രക്ഷപെട്ടു.
എലിയേയും കൊണ്ടതുവരെ നടക്കേണ്ടി വന്നതിൻ്റെ ദേഷ്യവും ദു:ഖവും കൊണ്ടു യാത്ര അവസാനിപ്പിച്ച്, ശിഷ്യൻ ഗുരുവിൻ്റെ അടുത്തെത്തി. ഗുരു അയാളോടു ചോദിച്ചു: ഒരു ചുണ്ടെലിയെ സൂക്ഷിക്കാനാവത്തവനു, ഞാനെങ്ങനെയാണ് ആത്മീയ രഹസ്യങ്ങൾ പകർന്നു നൽകുക.
സാരമെന്നു നാം കരുതുന്ന കാര്യങ്ങളേക്കാൾ ഗൗരവം, പലപ്പോഴും നാം നിസ്സാരമെന്നു കരുതുന്നവയ്ക്കുണ്ടാകും. കഥയില്ലാത്തതെന്നു വിശ്വസിക്കുന്ന പലതും, കാമ്പുളളതായിരിക്കും. കാത്തു സൂക്ഷിക്കുന്ന വസ്തുവിൻ്റെ വിലയേക്കാൾ വലിയ വിലായാണു കാത്തു സൂക്ഷിക്കുകയെന്ന പ്രവൃത്തിക്കുണ്ടായിരിക്കുക.
ആകാംക്ഷ നല്ലതാണ്. പല കണ്ടു പിടത്തങ്ങളുമുണ്ടായത്. പലരുടെയും ആകാംക്ഷകൊണ്ടാണ്.പക്ഷെ ആകാംക്ഷ അതിരു കടന്നാലുള്ളതും കൂടി നഷ്ടമായിയെന്നു വരാം. നിലനിർത്തേണ്ട ജിജ്ഞാസ, അതങ്ങനെ തന്നെ നിലനിർത്താനാകണം. പൂർത്തീകരിക്കേണ്ട പലതും പാതിവഴിയിൽ നിന്നു പോയതിൻ്റെ കാരണം, ഒരുപക്ഷെ ആകാംക്ഷ കൂടിയതാകാം.
ചില കാര്യങ്ങൾ അടഞ്ഞിരിക്കേണ്ടതും, മറഞ്ഞിരിക്കേണ്ടതുമാണ്. എല്ലാം കാണണമെന്നും, അറിയണമെന്നും ആഗ്രഹിക്കുന്നതു ശരിയല്ല. മറ്റുള്ളവർ മൂടിവയ്ക്കുന്നതല്ലാം തുറന്നു നോക്കുമ്പോൾ കിട്ടുന്നത്, നിരാശയും ദു:ഖവുമായിരിക്കും. മറ്റുള്ളവരുടെ രഹസ്യങ്ങളെ നമുക്കു ബഹുമാനിക്കാനാകട്ടെ. നമ്മുടെ ആകാംക്ഷ അതിരു കടക്കാൻ അനുവദിക്കാതിരിക്കുക.
സർവ്വേശ്വരൻ സഹായിക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!