നന്മ ചെയ്യുന്നവരായിരിക്കാം
—————————————
ചോക്ക്ലേറ്റ് ഐസ്ക്രീം കഴിക്കാനുള്ള ഏറക്കാലത്തെ ആഗ്രഹം സാധിക്കാനായിട്ടൊരു പത്തു വയസ്സുകാരൻ, ഐസ്ക്രീം പാർലറിലെത്തി.നാളുകൾ കൊണ്ടു സമ്പാദിച്ച പതിനഞ്ചു രൂപയാണ് അവൻ്റെ കയ്യിലാകെയുണ്ടായിരുന്നത്. ചോക്ക്ലേറ്റ് ഐസ്ക്രീമിൻ്റെ വില അവൻ വെയ്റ്ററോടു ചോദിച്ചു. “ചോക്ക്ലേറ്റ് ഐസ്ക്രീമിനു പതിനഞ്ചു രൂപയും, സാധാരണ ഐസ്ക്രീമിനു പതിമൂന്നു രൂപയുമാണു വില”, വെയ്റ്റർ പറഞ്ഞു. ബാലകൻ സാധാരണ ഐസ്ക്രീം വാങ്ങിക്കഴിച്ചു. അവൻ പോയപ്പോൾ, മേശ വൃത്തിയാക്കാനായി വന്ന വെയ്റ്റർ കണ്ടത് രണ്ടു രൂപ ടിപ്പ് മേശമേലിരിക്കുന്നതാണ്.
ചെറിയ നന്മകൾക്കു വലിയ പാoങ്ങൾ നമ്മെ പഠിപ്പിക്കാനാകും. നമ്മുടെ സമ്പാദ്യങ്ങളുടെ പട്ടികയിലെഴുച്ചേർക്കേണ്ടതു നാം ശേഖരിച്ച നാണയ തുട്ടുകളുടെ സംഖ്യയല്ല മറിച്ചു നാം ചെയ്ത നന്മകളുടെ പട്ടികയാണ്. തനിക്കു വേണ്ടി സമ്പാദിച്ചവയിൽ നിന്നു ചില നാണയത്തുട്ടുകളെങ്കിലും മറ്റുള്ളവർക്കായി മാറ്റിവെക്കാനാകുന്നില്ലെങ്കിൽ ജീവിതത്തിനെന്നർത്ഥം.
മിച്ചമുള്ളതിൽ നിന്നും, കണക്കിൽപ്പെടാത്തതിൽ നിന്നും, ചെലവഴിക്കുന്നതിലർത്ഥമൊന്നുമില്ല. അധികമായി കൊണ്ടുവന്ന പൊതിച്ചോറു നൽകുന്നതും, ആകെയുള്ള ഒരുപിടിച്ചോറിൻ്റെ പകുതി, വീതിച്ചുനൽകുന്നതും തമ്മിലേറെ അന്തരമുണ്ട്.
അടയാളപ്പെടുത്തപ്പെടുന്ന അനുകമ്പയോടാണു നമുക്കേറെപ്പേർക്കും താൽപര്യം. കളിപ്പാട്ടം കൊടുത്താലും കുടിലുകെട്ടി കൊടുത്താലും ദായകരുടെ പേരുകൾ കൊത്തി വിളംബരം ചെയ്യുമ്പോൾ, നിവർത്തികേടുകൊണ്ടവ സ്വീകരിച്ചു ഉള്ളുരുകുന്ന അനേകർ അപ്പുറത്തുണ്ടാകും.വലങ്കൈ ചെയ്യുന്നതെന്തെന്നു ഇടങ്കൈ അറിയരുതെന്നാണു യേശുദേവൻ അരുളിച്ചെയ്തിരിക്കുന്നത്.
പരസ്യങ്ങൾ പ്രസിദ്ധിയും പുരസ്ക്കാരങ്ങളും നേടിത്തരുന്നുണ്ടാകാം, പക്ഷെ അവയോരോന്നും, അപരൻ്റെ ആത്മാഭിമാനത്താനേൽപ്പിക്കുന്ന മുറിവുകൾ, നാം കാണാതെ പോകരുത്. സ്വീകരിക്കുന്നവർ പോലുമറിയാതെ ചെയ്യുന്ന പരോപകാരങ്ങളാണേറെ വിശുദ്ധമായവ നമുക്കതിനാകട്ടെ.