Sunday, December 22, 2024
Homeകേരളംഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മ സംഘടനയല്ല, പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല: നടൻ മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മ സംഘടനയല്ല, പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല: നടൻ മോഹൻലാൽ

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിവാദിക്കുന്ന പവര്‍ ഗ്രൂപ്പ് സംബന്ധിച്ച് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍  പൂര്‍ണ്ണമായി അറിയില്ലല്ലോ. അതെല്ലാം പുറത്തുവരട്ടെ അപ്പോഴല്ലെ കാര്യങ്ങള്‍ അറിയാന്‍ പറ്റു. ഞാന്‍ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളല്ല, എനിക്ക് അങ്ങനെയൊരു ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അറിയുമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. ആ റിപ്പോര്‍ട്ട് വരുന്നവരെ കാത്തിരിക്കൂ. ഞാന്‍ കമ്മിറ്റിയില്‍ മൊഴി കൊടുത്തതാണ്. പക്ഷെ ഞാന്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും അതിനാലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്‍റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നു.  തന്‍റെ സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഇപ്പോൾ അതിന്‍റെ സമയമല്ലെന്ന് മനസിലാക്കിയാണ് തീരുമാനം.

സിനിമ സമൂഹത്തിന്‍റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments