ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടാമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും നടി രഞ്ജിനിയും സമർപ്പിച്ച അപ്പീൽ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.
ആക്ടിങ് ചീഫ് ജസ്റ്റിസ് ജ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുക. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി റിപ്പോർട്ട് പുറത്തു വിടുന്നത് തടയണമെന്നാണ് അപ്പീൽ ഹർജികളിലെ ആവശ്യം.റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ അപ്പീലിൻ്റ പ്രസക്തി നഷ്ടപ്പെട്ടില്ലേ എന്ന് കഴിഞ്ഞ ദിവസം നിർമ്മാതാവിൻ്റെ ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ആരുടെയും പേര് പുറത്തു വന്നില്ലല്ലോ എന്നും കോടതി അന്ന് ചൂണ്ടിക്കാട്ടി.
അക്കാഡമിക്ക് ചർച്ചയ്ക്കുള്ള വേദിയല്ല കോടതി എന്നും ഡിവിഷൻ ബഞ്ച് അന്ന് വ്യക്തമാക്കി.എന്നാൽ കൂടുതൽ വാദങ്ങൾ ഉന്നയിക്കാനുണ്ടെന്ന ഹർജിക്കാരൻ അറിയിച്ചതോടെ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഏഴ് പേർക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കൽ പൂർത്തിയായി. ആലുവയിലെ ഫ്ലാറ്റിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ 7 കേസുകൾ രജിസ്റ്റർ ചെയ്യും. 6 കേസ് എറണാകുളത്ത് ഒരു കേസ് തിരുവനന്തപുരത്തുമായിരിക്കും രജിസ്റ്റർ ചെയ്യുക.