വ്യാജപീഡന പരാതികള്‍ ഭയപ്പെടുത്തുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ആര്‍ക്കെതിരെയും എന്തും പറയാമെന്ന സാഹചര്യമാണ്. പരാതികളുടെ മറവില്‍ ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഗൗരവമായി കാണണമെന്നും അസോസിയേഷന്‍ പറഞ്ഞു.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പലരും പോലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നു. വ്യാജ പരാതികള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉദ്ദേശശുദ്ധിയെ അട്ടിമറിക്കുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ചലച്ചിത്ര പ്രവർത്തകർക്കെതിരെയുള്ള പീഡന പരാതികളുടെ എണ്ണം 20 എത്തിക്കഴിഞ്ഞു. കേരളത്തിനകത്തും പുറത്തുമായി ഈ കേസുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിലും ആരോപണങ്ങൾ ഉണ്ടായേക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥ. തങ്ങൾക്കെതിരെ പരാതി കിട്ടിയ സാഹചര്യത്തിൽ താരങ്ങളും സംവിധായകരും നിർമാതാക്കളുമായുള്ള പലരും അവരുടേതായ നിലയിലും കേസ് കൊടുത്തിട്ടുണ്ട്.ആരോപണവിധേയരിൽ ഏറ്റവും ശക്തമായി പ്രതികരിച്ചത് നടൻ നിവിൻ പോളിയായിരുന്നു. വിദേശത്ത് വെച്ച് പീഡിപ്പിച്ചു എന്ന് യുവതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും വാർത്താസമ്മേളനത്തിലും വിശദീകരണം എത്തിച്ചേർന്നു. വ്യാജ പരാതിയാണെന്നും, യുവതിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല എന്നും നിവിൻ വ്യക്തമാക്കി.
2023ൽ യുവതി ഗൾഫിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു. ഷൂട്ടിങ്ങിന്റെ ഭാഗമായി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ റൂമെടുത്ത് താമസിച്ചതിന്റെയും ചെക്ക് ഔട്ട് ചെയ്തതിന്റെയും രേഖകൾ നിർമ്മാതാവും പുറത്തുവിട്ടു. നിവിൻ അതേദിവസം തന്റെ ഒപ്പം ആയിരുന്നു എന്ന് വിനീത് ശ്രീനിവാസനും നടൻ ഭഗത് മാനുവലും വ്യക്തമാക്കിയതും കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്താനുള്ള സാധ്യതയും ഏറെയാണ്.