തൃശൂര്‍: ചിങ്ങം പിറന്നതോടെ ഗുരുവായൂരില്‍ വിവാഹ തിരക്കേറി. 198 വിവാഹങ്ങളാണ് ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ നടന്നത്. തിങ്കളാഴ്ച 43, 22ന് 165, 28ന് 140 എന്നിങ്ങനെ വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിനാണ് കൂടുതല്‍ വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളത്. ഇതുവരെ 263 വിവാഹങ്ങള്‍ അന്നത്തേക്ക് ബുക്ക് ചെയ്തത്. വിവാഹം നടക്കുന്ന ദിവസവും ശീട്ടാക്കാന്‍ കഴിയുമെന്നതിനാല്‍ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്.
തിരക്ക് പരിഗണിച്ച് ചൊവ്വാഴ്ച വരെയും 25 മുതല്‍ 28 വരെയും ദര്‍ശനത്തിന് ക്രമീകരണമുണ്ട്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വി ഐ പി, സ്‌പെഷ്യല്‍ ദര്‍ശനം ഉണ്ടായിരിക്കില്ല. ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരിനില്‍ക്കാതെ ദര്‍ശന നടത്തുന്നതിനായി നെയ് വിളക്ക് ശീട്ടാക്കിയ വകയില്‍ 2026333 രൂപ ദേവസ്വത്തിന് ലഭിച്ചു. ഭക്തര്‍ 1641240 രൂപയുടെ തുലാഭാരം നടത്തി. ഞായറാഴ്ച വഴിപാടിനത്തില്‍ മാത്രമായി 6257164 രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്.