തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോർട്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ ചർച്ചയാവുകയാണ്. ബി.ജെ.പി നേതാവും തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ വൈദേകവുമായി ഇ.പി. ജയരാജന് ബന്ധമുണ്ടെന്ന യു.ഡി.എഫ് ആരോപണം എൽ.ഡി.എഫിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതോടെ വൈദേകവുമായുള്ള എല്ലാ ഇടപാടുകളും പിൻവലിക്കാനൊരുങ്ങുകയാണ് ഇ.പി. ജയരാജൻ.
ഭാര്യയുടെ നിരാമായ സ്ഥാപനത്തിന് വൈദേകവുമായി ബന്ധമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ സ്ഥിരീകരിക്കുമ്പോഴും ഇ.പി. ജയരാജൻ ഇതിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇ.പിയുടെ കുടുംബവും നിരാമയ ജീവനക്കാരും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ചിത്രം പുറത്തുവിട്ടത്. വൈദേഹം റിസോർട്ട് നിരാമയയിൽ ലയിച്ചപ്പോൾ എടുത്ത ചിത്രമാണ് പുറത്തുവിട്ടത്.
ഇതിലൂടെ എൽ.ഡി.എഫ് കൺവീനർ എൻ.ഡി.എ കൺവീനറായി മാറിയെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ഇവിടെ പ്രവർത്തിക്കുന്നത് എൻ.ഡി.എക്ക് വേണ്ടിയാണ്. ബി.ജെ.പി സ്ഥാനാർത്ഥികൾ മിടുക്കരാണെന്ന ഇ.പിയുടെ പ്രസ്താവന ഈ അവസരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, തൻറെ ഭാര്യയുടെ ഷെയർ വൈദേഹത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുമെന്ന് ഇ.പി. ജയരാജൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഷെയർ മറ്റാർക്കെങ്കിലും കൊടുക്കാനാണ് തീരുമാനം. അതിനുള്ള നടപടി സ്വീകരിച്ചുവരുകയാണ്. തന്നെപ്പോലെ ഉള്ള ഒരാളെ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഭാര്യയുടെ ഷെയർ ഒഴിവാക്കുന്നത്. അതല്ലാതെ പ്രതിപക്ഷ ആരോപണങ്ങളെ ഭയന്നിട്ട് അല്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
– – – – – – –