കോട്ടയ്ക്കൽ.: പിഎസ് സി പരീക്ഷകളുടെ ഭാഗമായ കായികക്ഷമതാ ടെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്, പുത്തൂർ – ചെനയ്ക്കൽ ബൈപാസ് പലപ്പോഴായി അടച്ചിടുന്നതിനെതിരെ യൂത്ത്ലീഗ് രംഗത്ത്. ഇത്തരം ടെസ്റ്റുകൾ സർക്കാർ അധീനതയിലുള്ള, സ്ഥലങ്ങളിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും പിഎസ് സി അധികൃതർക്കും മറ്റും പരാതി നൽകി.
എക്സൈസ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള കായികക്ഷമതാ ടെസ്റ്റുകൾ വർഷങ്ങളായി നടത്തുന്നത് ബൈപാസിലാണ്. മുന്നറിയിപ്പു കൂടാതെയാണ് രാവിലെ മുതൽ അനിശ്ചിതസമയത്തേക്കു പാത അടയ്ക്കുന്നതെന്നാണു ആക്ഷേപം. കഴിഞ്ഞദിവസങ്ങളിലും ഇത്തരം ടെസ്റ്റുകൾ നടക്കുന്നതിന്റെ ഭാഗമായി ബൈപാസ് അടച്ചിരുന്നു.
നഗരസഭയുടെയോ, ഗതാഗത റഗുലേറ്ററി സമിതിയുടെയോ അനുമതി ഇല്ലാതെ ഏകപക്ഷീയമായി ചില വകുപ്പധികൃതർ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നാണു ആക്ഷേപം. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സംസ്ഥാന സമിതി അംഗം കെ.എം.ഖലീൽ പറഞ്ഞു.