കൊല്ലം: യുവതിയുടെ പരാതിയിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ വനിതാ എസ്ഐ ക്കെതിരെ പരവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയുടെ ഭർത്താവായ എസ്.ഐക്കെതിരെയും കുടുംബത്തിനെതിരെയും വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരവൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവരുടെ ഭർത്താവായ വർക്കല സ്റ്റേഷനിലെ എസ് ഐ അഭിഷേക്. കൊല്ലം സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ ആശ എന്നിവർക്കെതിരെയാണ് പരാതി. ഭർത്താവുമൊത്ത് താമസിച്ചിരുന്ന വീട്ടിലെത്തി ആശ മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആശ വീട്ടിൽ വരുന്നതിനെ ഭാര്യ എതിർത്തതിനെ തുടർന്നായിരുന്നു മർദനം.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു. പൊലീസിൽ ദിവസങ്ങൾക്ക് മുമ്പ് പരാതി നൽകിയില്ലെങ്കിലും കേസെടുക്കാൻ തയ്യാറാകാതെ വൈകിപ്പിച്ചെന്നും ആക്ഷേപമുണ്ട്. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. എന്നാൽ, പരാതി അടിസ്ഥന രഹിതമാണെന്നാണ് വനിത എസ്.ഐയുടെ വിശദീകരണം