കണ്ണൂർ:കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പിപി ദിവ്യക്കെതിരെ കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണകുറ്റമാണ് ചുമത്തിയിരിക്കുന്നത്.കണ്ണൂർ ജില്ലാ പഞ്ചായത്ത് 23ാം വാർഡിൽ (പരിയാരം) നിന്ന് ജയിച്ചയാളാണ് 49കാരിയായ അഡ്വ. കെകെ രത്നകുമാരി. ബികോം, എൽഎൽബി യോഗ്യതയുള്ളയാളാണ്. പറക്കാടി സ്വദേശിയാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
പിപി ദിവ്യയുടെ രാജിക്കത്ത്
കണ്ണൂർ ADM ആയിരുന്ന നവീൻ ബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു. പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എൻ്റെ നിരപാധിത്വം നിയമവഴിയിലൂ ടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗ ങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാ റിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ സ്ഥാനം രാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടു ത്തിട്ടുണ്ട്.
ദിവ്യ രാജി വെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അസ്വാഭാവിക മരണമെന്ന നിലയിൽ ആദ്യമെടുത്ത കേസിലെ എഫ്ഐആറിൽ ഇന്ന് പോലീസ് ദിവ്യയെ പ്രതി ചേര്‍ക്കുകയായിരുന്നു. ഇതോടെ രാജി ആവശ്യം ശക്തമായി. പത്തനംതിട്ടയിൽ നിന്ന് നവീൻ ബാബുവിന്റെ ബന്ധുക്കൾ കണ്ണൂരിലെത്തി പരാതി നൽകുകയും ചെയ്തിരുന്നു. ദിവ്യയെ പ്രതി ചേർത്ത് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു പോലീസ്.
ഇതിനിടെ വിവിധ പാർട്ടി നേതാക്കൾ ദിവ്യയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. കെകെ ശൈലജ, മന്ത്രി വീണാ ജോർജ്, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ ദിവ്യയുടെ പ്രവൃത്തിയെ തള്ളിപ്പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ള നിരവധി പേർ നവീൻ ബാബുവിന്റെ ജോലിയിലെ ആത്മാർത്ഥതയെ പ്രശംസിച്ച് എത്തി. നവീൻ ബാബുവിന്റെ നാട്ടുകാര്‍ക്കും അദ്ദേഹത്തെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. നൂറിലധികം ഉന്നത ഉദ്യോഗസ്ഥരാണ് നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയത് .
നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ കയറിച്ചെന്ന് അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച സംഭവത്തിനു പിന്നാലെയാണ് ആത്മഹത്യ നടന്നത്. ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാതിരിക്കാൻ എഡിഎം വഴിവിട്ട് പ്രവർത്തിച്ചെന്നാണ് ദിവ്യ ആരോപിച്ചത് .
ഇതിനിടെ പെട്രോൾ പമ്പ് തുടങ്ങുന്നത് ആരുടെ പേരിലാണ് എന്നതിലടക്കം സംശയങ്ങളുയർന്നിട്ടുണ്ട്. പമ്പിന് എൻഓസി കിട്ടാൻ ശ്രമിച്ചയാൾക്ക് സർക്കാർ ജോലിയുണ്ട് എന്നത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ബിനാമി പേരിലാണ് പമ്പ് തുടങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഒരു ഇലക്ട്രീഷ്യന്റെ പേരിലാണ് പമ്പ് തുടങ്ങുന്നത്. ഇലക്ട്രീഷ്യന് പമ്പ് തുടങ്ങാൻ എവിടെ നിന്നാണ് പണം ലഭിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്.