ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി. ചെറുജീവികളായ ചെള്ളു (മൈറ്റ്) കളുടെ ലാർവദശയായ ചിഗ്ഗർമൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്
എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർമൈറ്റുകൾ കടിച്ചഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യും. നീണ്ടുനിൽക്കുന്ന പനി, തലവേദന കണ്ണുചുവക്കൽ, കഴല വീക്കം, പേശിവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തന്നെ വൈദ്യസഹായം തേടണം. ചെള്ളുപനി പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം. ജോലിക്കായി മറ്റും ഇറങ്ങുമ്പോൾ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ (ഗം ബൂട്ട്, കാലുറ) എന്നിവ ധരിക്കുക. വസ്ത്രങ്ങൾ കുറ്റിച്ചെടിയിലും നിലത്തുമിട്ട് ഉണക്കരുത്. അയയിൽ വിരിച്ച് വെയിലിൽ ഉണക്കുക. വീടിന് പരിസരത്തുള്ള കുറ്റിച്ചെടികൾ വെട്ടി വൃത്തിയാക്കി പരിസരം ശുചിയായി സൂക്ഷിക്കുക. പുൽമേടുകളിലോ വനപ്രദേശത്തോ തിരിച്ചുവന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.എലി നശീകരണ പ്രവർത്തനങ്ങൾ നടത്തുക
എലി മാളങ്ങൾ നശിപ്പിക്കുക. പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കുക. ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കണം. മൈറ്റുകളുടെ കടിയേൽക്കാതിരിക്കാൻ സഹായിക്കുന്ന ലേപനങ്ങൾ (മൈറ്റ് റിപ്പലന്റുകൾ) ശരീരത്തിൽ പുരട്ടുക. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുഞ്ഞുങ്ങൾ മണ്ണിൽ കളിച്ചാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും വീട്ടിൽ വളർത്തുന്ന മൃഗങ്ങളിൽനിന്നു സുരക്ഷിതമായ അകലം പാലിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.