ആറന്മുള ഉത്രട്ടാതി ജലമേള ആചാരപരമായി നടത്തി. ഇക്കൊല്ലം രണ്ട് ജലമേളകളാണ് ആറന്മുളയിൽ നടത്തുന്നത്. ചിങ്ങ മാസത്തിലെ ഉത്രട്ടാതിയും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവും ഇന്നായതിനാലാണ് ആചാരത്തിന്റെ ഭാഗമായി ജല ഘോഷയാത്ര ഇന്ന് സംഘടിപ്പിച്ചത്. എ, ബി വാച്ചുകളിലായി 26 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുത്തു.
മത്സര വള്ളംകളി ഉൾപ്പെടെ വിപുലമായ ചടങ്ങുകളോടു കൂടിയുള്ള ജലമേള സെപ്റ്റ്ബർ 18 നാണ്. മത്സര വള്ളംകളി ഇത്തവണ കന്നി മാസത്തിൽ ആയതിനാലാണ് പ്രത്യേക ജലമേള ഇന്ന് നടത്തിയത്. ചിങ്ങമാസത്തിലെ ഉതൃട്ടാതി ദിനത്തിലാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമായി ആചരിക്കുന്നത്. ഈ ചടങ്ങുകൾ മുടങ്ങാതിരിക്കാൻ ആണ് ഇന്ന് പള്ളിയോടങ്ങൾ ഇറങ്ങുന്നത്.