ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28 ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 28ന് ജലമേള നടത്താൻ മുഖ്യമന്ത്രി അനുമതി നല്‍കിയതായി മന്ത്രി പി പ്രസാദ് യോഗത്തില്‍ അറിയിക്കുകയായിരുന്നു.
വള്ളം കളി നടത്തുന്നതിലെ അനിശ്ചിതത്വം ബോട്ട് ക്ലബ്ബുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക.വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്നലെ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.
എൻടിബിആര്‍ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് കളക്ടര്‍ വള്ളംകളി സംരക്ഷണ സമിതിയ്ക്ക് കളക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകിട്ട് യോഗം ചേര്‍ന്ന് 28ന് തന്നെ വള്ളം കളി നടത്താൻ തീരുമാനിച്ചത്. തീയതി പ്രഖ്യാപനത്തിനൊപ്പം സിബിഎൽ (ചാമ്പ്യൻസ് ബോട്ട് ലീഗ്) നടത്തണം, ഗ്രാൻഡ് തുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണ സമിതി മുന്നോട്ട് വെച്ചിരുന്നു.