ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് തെന്നിന്ത്യയൊട്ടാകെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹരജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം 200 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ലോകവ്യാപകമായി 226 കോടിയാണ് ചിത്രത്തിന്റെ കലക്ഷൻ. ഇന്ത്യയിൽ നിന്ന് മാത്രമായി 153 കോടിയും നേടി. നിരൂപക പ്രശംസ നേടിയ ചിത്രം 2006-ൽ തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ ഒരു കൂട്ടം സുഹൃത്തുക്കൾ അവധിക്കാലത്ത് നേരിട്ട യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സൗഹൃദത്തിൻ്റെയും സഹിഷ്ണുതയുടെയും പ്രമേയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നു. യാത്രയ്ക്കിടെ ഉയർന്നുവന്ന വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരുന്ന സുഹൃത്തുക്കളാണ് പ്രധാന കഥാപാത്രങ്ങൾ.