ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30ആക്കി ഉയർത്തും.
30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി.ഒരുദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല.
ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.