ചെന്നൈ: തിരുനെൽവേലി – ചെന്നൈ എഗ്മോർ വന്ദേ ഭാരത് എക്‌സ്പ്രസിൽ കഴിഞ്ഞദിവസം നൽകിയ ഭക്ഷണത്തിലാണ് പ്രാണികളെ കണ്ടത്. ഇത് ജീരകമാണെന്നായിരുന്നു ആദ്യ മറുപടിയെങ്കിലും സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച്, ഭക്ഷണം വിതരണം ചെയ്ത കോൺട്രാക്ടർക്ക് റെയിൽവേ പിഴ ചുമത്തുകയായിരുന്നു.
സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെൽവേലി – ചെന്നൈ വന്ദേ ഭാരതിലെ C2 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് പ്രഭാത ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിലാണ് പ്രാണികൾ ഉണ്ടായിരുന്നത്. യാത്രക്കാരൻ പരാതിപ്പെട്ടപ്പോൾ, പ്രാണികളെല്ലെന്നും ഭക്ഷണത്തിൽ ഉപയോഗിച്ച ജീരകമാണെന്നുമായിരുന്നു മറുപടി.
സാമ്പാറിലെ പ്രാണികളുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ റെയിൽവേ വിഷയത്തിൽ ഗൗരവപരമായി ഇടപെടുകയായിരുന്നു. റെയിൽവേ ചീഫ് കാറ്ററിങ് ഇൻസ്‌പെക്ടറും ചീഫ് കൊമേഴ്സ്യൽ ഇൻസ്‌പെക്ടറും നടത്തിയ പരിശോധനയിൽ പ്രാണികൾ തന്നെയാണെന്ന് ഉറപ്പായതോടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
രാവിലെ എട്ട് മണിയോടെ ട്രെയിൻ മധുര സ്റ്റേഷൻ പിന്നിട്ടപ്പോഴായിരുന്നു സംഭവം. വന്ദേ ഭാരതിൽ ഭക്ഷണം വിതരണം ചെയ്യുന്ന ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് തിരുനെൽവേലിയിൽ നിന്ന് എത്തിച്ച ഭക്ഷണം ആണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാമ്പാർ ട്രെയിനിലേക്ക് എത്തിച്ച പാത്രത്തിന്‍റെ മൂടിയിലാണ് പ്രാണികളുണ്ടായിരുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
ഭക്ഷണത്തിൽ പ്രാണികളുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ റെയിൽവേ ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സിന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ നടപടികൾ പിന്നീടുണ്ടാവുമെന്നും റെയിൽവേ അറിയിച്ചു. ട്രെയിനുകളിലെ ഭക്ഷണത്തിന്‍റെ ഗുണ നിലവാരം ഉറപ്പാക്കാൻ കർശന നടപടികളെടുക്കുമെന്നും റെയിൽവേ വ്യക്തമാക്കി.
മധുരയിൽനിന്ന് ട്രെയിൻ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ തന്നെ യാത്രക്കാരൻ പരാതി നൽകിയിരുന്നു. റെയിൽവേ അധികൃതർ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതിന് പിന്നാലെ തന്നെ, പിന്നാലെ, ബൃന്ദാവൻ ഫുഡ് പ്രോഡക്‌റ്റ്സിന്‍റെ നിയന്ത്രണത്തിലുള്ള തിരുനെൽവേലി ബേസ് കിച്ചൻ വിതരണം ചെയ്യുന്ന ഭക്ഷണം, ഓൺബോർഡ് മാനേജർ, ചീഫ് കേറ്ററിങ് ഇൻസ്‌പെക്ടർ (സിഐആർ), ചീഫ് കമേഴ്സ്യൽ ഇൻസ്‌പെക്ടർ (സിസിഐ), അസിസ്റ്റന്‍റ് കമേഴ്‌സ്യൽ മാനേജർ (എസിഎം) എന്നിവർ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിൽ കാസ്റോൾ കണ്ടെയ്‌നറിന്‍റെ അടപ്പിൽ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് നടപടിയെടുത്തത്.