ഷിരൂർ: അർജുന്റെ ലോറിയുടേതെന്ന് സംശയിക്കുന്ന ഘടകഭാഗം ഗംഗാവലി പുഴയിൽ നിന്ന് ലഭിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന ബമ്പർ ലഭിച്ചത്. ഇത് തന്റെ ലോറിയുടേത് തന്നെയെന്ന് സ്ഥലത്തുള്ള ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
നേവി തിരച്ചിൽ നടത്തുന്ന സ്ഥലത്തു നിന്ന് കൂടുതൽ ഘടകഭാഗങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബമ്പർ ലഭിച്ച ഭാഗത്ത് കൂടുതൽ തിരച്ചിൽ നടത്തുകയാണ് നാവികസേന ഇപ്പോൾ. ലോറിയുടെ പിന്നിലെ ബമ്പറാണ് ലഭിച്ചതെന്ന് ലോറിയുടമ പറയുന്നു.നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്പറാണ്. ആദ്യം മുതല്‍ അവിടെ തിരയാന്‍ പറഞ്ഞിരുന്നു. തിരയുന്നില്ലെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. കണ്ടെത്തിയ ഭാഗം തിരിച്ചറിയുന്നതിന് അധികൃതർ വിളിച്ചിട്ടുണ്ട്’, മനാഫ് പറഞ്ഞു, മനാഫ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അർജുൻ ഓടിച്ചിരുന്നത് മനാഫിന്റെ ഉടമസ്ഥതയിലുള്ള ബെൻസ് ലോറിയാണ്. ഇന്നത്തെ തിരച്ചിലിൽ ഒരു ബാഗ്, കയർ എന്നിവയും ലഭിച്ചിരുന്നു.
ബാഗ് അർജുന്റേതല്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. റിട്ടയേഡ് മേജർ എം ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ ഇടത്താണ് തിരച്ചിൽ നടത്തി വന്നിരുന്നത്. ഇദ്ദേഹം ദൗത്യമേഖലയിലേക്ക് ഉടനെ എത്തുമെന്ന് വിവരമുണ്ട്.നാവികസേനയുടെ മൂന്നംഗ സംഘമാണ് ഡ്രഡ്ജർ തിരച്ചിലിന് പിന്തുണ കൊടുക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സേനയെ എത്തിക്കാൻ ആലോചിക്കുന്നതിനിടയിലാണ് വാഹനത്തിന്റെ ഘടകഭാഗം ലഭിച്ചിരിക്കുന്നത്.
ഗോവയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ ഏർപ്പെട്ടിട്ടുണ്ട്. അതെസമയം നേരത്തെ തിരച്ചിലിൽ ഏർപ്പെട്ടിരുന്ന ഈശ്വർ മാൽപെ ദൗത്യം നിർത്തി തിരിച്ചു പോയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിസ്സഹകരണമാണ് കാരണമായി പറയുന്നത്. താൻ കൂടുതൽ വണ്ടികൾ കണ്ടു പിടിക്കുന്നതാണോ പ്രശ്നമെന്ന് അറിയില്ലെന്നും മാൽപെ സംശയം പ്രകടിപ്പിച്ചു.
തിരച്ചിലിൽ മനുഷ്യന്റേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത എല്ലിന്റെ ഭാഗവും ലഭിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് വിധേയമാക്കും. ബെംഗളൂരുവിലേക്ക് ഈ സാമ്പിൾ അയച്ചിരിക്കുകയാണ്.നാല് പോയിന്റുകൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ നടത്തി വന്നിരുന്നത്. ഇത് ഒന്നാംഘട്ട തിരച്ചിലിൽ തന്നെ നിർണയിച്ചിരുന്നതാണ്. ലോഹസാന്നിധ്യം കണ്ടെത്തുക എന്നത് ലക്ഷ്യം വെച്ചാണ് തിരച്ചിൽ നടത്തി വന്നിരുന്നത്.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു കോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം. പിന്നീട് കർണാടക സർക്കാർ തന്നെ ഈ ചെലവ് ഏറ്റെടുത്തു.