ന്യൂഡൽഹി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). 2024 ഡിസംബർ 14 വരെ സൗജന്യമായി ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ അവസരമുണ്ട്. ജൂൺ പതിനാലിന് ശേഷം ഇത് രണ്ടാം തവണയാണ് യുഐഡിഎഐ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി നൽകുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാകുമെന്ന് യുഐഡിഎഐ അറിയിച്ചു.
യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കൂ. ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് സൗജന്യ ഓപ്ഷൻ ലഭ്യമല്ല. ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യാൻ ആധാർ കേന്ദ്രങ്ങളെ സമീപിക്കുകയും നിശ്ചിതൽ ഫീസ് സമർപ്പിക്കുകയും വേണം.
10 വർഷത്തിന് മുൻപ് നൽകിയ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. കുട്ടികളുടെ ബയോമെട്രിക്സ് അഞ്ച് വയസ്സിലും പതിനഞ്ചാം വയസ്സിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴ് വയസ്സിനുള്ളിലും 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ പതിനേഴ് വയസ്സിനുള്ളിലും നടത്തിയാൽ മാത്രമാകും സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകൂ.
ആധാർ വിവരങ്ങൾ ഓൺലൈനിൽ എങ്ങനെ അപ്ഡേറ്റ് ചെയ്യാം
* myaadhaar.uidai.gov.in പോർട്ടലിൽ പ്രവേശിക്കുക.
* ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ക്യാപ്‌ച കോഡ് നൽകുക. ഇതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിക്കും.
* ഇതിനുശേഷം ഡോക്യുമെൻ്റ് അപ്‌ഡേറ്റ് വിഭാഗത്തിലെത്തി നിലവിലുള്ള വിശദാംശങ്ങൾ പരിശോധിക്കാം.
* ആധാർ പ്രൊഫൈലിൽ കാണിച്ചിരിക്കുന്ന പേര്, വിലാസം മുതലായവ പരിശോധിക്കണം. ഇവയിൽ ഏതെങ്കിലും വിശദാംശങ്ങൾ കാലഹരണപ്പെട്ടതോ തെറ്റോ ആണെങ്കിൽ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാം.
*ഉചിതമായ ഡോക്യുമെൻ്റ് തരം തെരഞ്ഞെടുത്ത് യഥാർത്ഥ പ്രമാണങ്ങളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യണം.
* അവസാനമായി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് അഭ്യർഥനയുടെ നില ട്രാക്ക് ചെയ്യുന്നതിന് സേവന അഭ്യർത്ഥന നമ്പർ (SRN) രേഖപ്പെടുത്തുക.
ആധാർ കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഒഴിവാക്കുന്നതിനും വിവരങ്ങൾ കൃത്യമായി ലഭ്യമാകുന്നതിനും അപ്ഡേഷൻ ആവശ്യമാണ്. ഗവൺമെൻ്റ് സ്കീമുകളിൽ ലഭ്യമാകുന്നതിനും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും നികുതി ഫയൽ ചെയ്യുന്നതിനും ഉൾപ്പെടെ നിരവധി സേവനങ്ങൾക്ക് ആധാർ ഇന്ന് ആവശ്യമാണ്.