Thursday, January 9, 2025
Homeഇന്ത്യരാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ മാപ്പ് അർഹിക്കാത്തത്,കുറ്റവാളികളെ വെറുതെ വിടരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ മാപ്പ് അർഹിക്കാത്തത്,കുറ്റവാളികളെ വെറുതെ വിടരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ജൽഗാവ്: രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്തതതാണെന്നും ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാളിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്തതാണ്. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടരുതെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും എല്ലാ സംസ്ഥാന സർക്കാരുകളോടും ആവർത്തിച്ചു പറയാൻ ആഗ്രഹിക്കുന്നു.

കുറ്റവാളികളെ സഹായിക്കുന്നവരെയും വെറുതെ വിടരുതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവിൽ ലാഖ്പതി ദീദി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്കൊപ്പം നിൽക്കും.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കേന്ദ്രസർക്കാർ എല്ലാ വിധത്തിലും സംസ്ഥാന സർക്കാരുകൾക്കൊപ്പമുണ്ട്. ഇന്ത്യൻ സമൂഹത്തിൽനിന്ന് ഈ മാനസികാവസ്ഥ തുടച്ചുനീക്കണം. സ്ത്രീകളോട് അതിക്രമം കാണിക്കുന്നവർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകുന്നതിനായി സർക്കാർ തുടർച്ചയായി നിയമങ്ങൾ കർശനമാക്കുന്നുവെന്നും മോദി പറഞ്ഞു.

കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ഭാരതീയ ന്യായ സൻഹിതയിലെ വ്യവസ്ഥകൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. ഭാരതീയ ന്യായ സൻഹിതയിൽ ഇരയായ സ്ത്രീകൾക്ക് വീട്ടിൽനിന്ന് ഇ – എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകളുണ്ടെന്ന് മോദി പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് ഭാരതീയ ന്യായ സംഹിതയിൽ ഒരു മുഴുവൻ അധ്യായം സൃഷ്ടിച്ചിട്ടുണ്ട്. ഇരയായ സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനിൽ പോകാൻ താൽപര്യമില്ലെങ്കിൽ, അവർക്ക് വീട്ടിൽനിന്ന് ഇ – എഫ്ഐആർ രജിസ്റ്റർ ചെയ്യാം. പോലീസ് സ്റ്റേഷൻ തലത്തിൽ ആർക്കും ഇ – എഫ്ഐആർ തിരുത്താൻ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 14 മണിക്കൂറിലധികം കാലതാമസം ഉണ്ടായതിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

ബാദ്ലാപുരിൽ രണ്ട് കിൻഡർഗാർഡൻ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിൽ മഹാരാഷ്ട്ര സർക്കാരിനെ ചോദ്യംചെയ്ത് ബോംബെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments