പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾക്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്.
പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ അനധികൃത വ്യാപാരം ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനം ഇന്ത്യയിൽ നിന്നെന്ന് പുതിയ പഠനം.
സ്ട്രെസ്, ഉത്കണ്ഠയുമൊക്കെയാണ് പുകയില ഉപയോഗത്തിന് പ്രധാന കാരണം. 2019ൽ ആഗോളതലത്തിൽ ഏഴ് ദശലക്ഷത്തിലധികം പുകയില മരണങ്ങളും ഇന്ത്യയിൽ മാത്രം 1.35 ദശലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ 1.25 ബില്യൺ പുകയില ഉപയോക്താക്കളിൽ 60 ശതമാനത്തിലധികം പേരും പുകയില ഉപേക്ഷിക്കാൻ ആഗ്രഹിക്കുവരാണ്. ഇതിൽ ഭൂരിഭാഗം പേരും പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നവരാണ്.
പുകയില ഉപേക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സകളായി വരേനിക്ലിൻ, നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് തെറാപ്പി (എൻ.ആർ.ടി), ബ്യൂപ്രിയോൺ, സൈറ്റിസിൻ തുടങ്ങിയ മരുന്നുകൾ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്. നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് തെറാപ്പി എളുപ്പം ഉപയോഗിക്കാവുന്ന തരത്തിൽ കുറഞ്ഞ ചെലവിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇത് പുകയില ഉപയോഗം തടയാൻ സഹായിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
– – – – – –