Friday, January 10, 2025
Homeഇന്ത്യപ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു

പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു

ന്യൂഡൽഹി: വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും വ്യക്തിമുദ്ര പതിപ്പിച്ച യാമിനി കൃഷ്ണമൂർത്തിയെ രാജ്യം 2016ൽ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

നൃത്തകലയിൽ നാല് പതിറ്റാണ്ട് നീണ്ട സമർപ്പിതജീവിതം നയിച്ച യാമിനിയുടെ വേ‍ർപാട് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് യാമിനി കൃഷ്ണമൂർത്തി കഴിഞ്ഞ ഏഴു മാസമായി ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്ന് മാനേജരും സെക്രട്ടറിയുമായ ഗണേഷ് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. ഭൗതികദേഹം ഡൽഹിയിലെ ഹോസ് കാസിലുള്ള യാമിനി സ്കൂൾ ഓഫ് ഡാൻസിൽ ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് യാമിനി കൃഷ്ണമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

സുനിൽ മോദിയുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി സംഘമാണ് അവരെ ചികിത്സിച്ചത്. ടീമിൻ്റെ പരമാവധി പരിശ്രമങ്ങൾക്കിടെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ആശുപത്രി അധികൃത‍ർ അറിയിച്ചു.യാമിനി കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ കേന്ദ്ര സംഗീത നാടക അക്കാദമി അഗാധമായ ദുഃഖം രേഖപ്പെടുത്തി. യാമിനിയുടെ വേർപാടിൽ ഹൃദയംഗമമായ അനുശോചനം അറിയിച്ച അക്കാദമി നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു.

1940 ഡിസംബ‍ർ 20ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള മാടാനപ്പള്ളിയിലാണ് യാമിനി കൃഷ്ണമൂർത്തിയുടെ ജനനം. തമിഴ്നാട്ടിലെ ചിദംബരത്താണ് യാമിനി വളർന്നത്. 1957ലാണ് നൃത്ത കലാരംഗത്തേക്കുള്ള യാമിനിയുടെ കടന്നുവരവ്. തിരുമല തിരുപ്പതി ദേവസ്ഥാനം ‘ആസ്ഥാന നർത്തകി’ പദവി നൽകി യാമിനിയെ ആദരിച്ചിട്ടുണ്ട്. നൃത്തകല പുതിയ തലമുറയ്ക്ക് പകർന്നുനൽകാനായി ഡൽഹിയിലെ ഹോസ് കാസിൽ ‘യാമിനി സ്കൂൾ ഓഫ് ഡാൻസ്’ എന്ന സ്ഥാപനം തുടങ്ങി.എ പാഷൻ ഫോർ ഡാൻസ്’ ആണ് യാമിനി കൃഷ്ണമൂർത്തിയുടെ ആത്മകഥ. 1968ൽ പത്മശ്രീയും 2001ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ സാംഭവി സ്കൂൾ ഓഫ് ഡാൻസിൻ്റെ നാട്യ ശാസ്ത്ര പുരസ്കാരത്തിനും യാമിനി അർഹയായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments