Tuesday, January 7, 2025
Homeഇന്ത്യപ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം; പ്രതീക്ഷയോടെ കേരളം

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം; പ്രതീക്ഷയോടെ കേരളം

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലകളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ പ്രതീക്ഷവെച്ച് കേരളം. സംസ്ഥാനം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തമാണ് മുണ്ടക്കൈയിലും ചൂരൽ മലയിലും ഉണ്ടായത്. ദുരന്തബാധിതരുടെ പുനരധിവാസം ഉൾപ്പടെ ഇനി നിരവധി കടമ്പകൾ സംസ്ഥാനത്തിന് മുമ്പിലുണ്ട്. ഈ സാഹചര്യത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

പ്രധാനമന്ത്രിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് സംസ്ഥാനത്തിന്റെ ആവശ്യം. കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും ദുരന്തത്തിൻറെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ഇക്കാര്യത്തിൽ വയനാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വയനാട്ടിലെ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും മേപ്പാടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞു.

അതേസമയം, ദുരന്തത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് നേരത്തെ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടിയിരുന്നു. കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകിയിട്ടും സംസ്ഥാനം വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ലെന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ നേരത്തെ, ലോക്‌സഭയിൽ പറഞ്ഞത്. എന്നാൽ അമിത് ഷായുടെ പ്രസ്താവന തെറ്റാണെന്ന് കാട്ടി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. മറ്റ് ചില കേന്ദ്രമന്ത്രിമാരും ദുരന്തത്തിൽ കേരളത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഏറെ ഗൗരവത്തോടെയാണ് കേരളം നോക്കികാണുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിൽ എത്തുന്നത്.ഡൽഹിയിൽ നിന്ന് വിമാനത്തിൽ രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. അവിടെ നിന്നും ഹെലികോപ്റ്ററിൽ കൽപറ്റയിലേക്ക് പോകും. കൽപറ്റയിൽ അവലോകന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. ദുരന്തപ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും. ദുരന്തബാധിതർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സന്ദർശനം നടത്തും. മൂന്നു മണിക്കൂറോളം പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലയിൽ ചെലവഴിക്കും. അതിനുശേഷം വൈകീട്ട് 3.45 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments