പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി.കർഷക സംഘടനാ നേതാവ് തർലോചൻ സിങ് ആണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ലുധിയാന ജില്ലയിലെ ഖന്നയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.കൃഷി സ്ഥലത്തു നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം നടന്നത്. വെടിയേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ തർലോചൻ സിങ്ങിനെ മകനാണ് പ്രദേശവാസികളുടെ സഹായത്താൽ ആശുപത്രിയിൽ എത്തിച്ചത്.
പിതാവിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകൻ ഹർപ്രീത് സിങ് ആരോപിച്ചു. കൊലപാതകത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി സൗരവ് ജിൻഡാൽ അറിയിച്ചു.തർലോചൻ സിങ്ങിന് തലയിലാണ് വെടിയേറ്റത്.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്തതായി എസ്എസ്പി ഗോത്യാൽ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും എസ്എസ്പി പറഞ്ഞു.സിങ് നേരത്തെ ശിരോമണി അകാലിദളുമായി (എസ്എഡി) പ്രവർത്തിച്ചിരുന്നയാളാണ്. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സിങ് എഎപിയിൽ ചേർന്നത്.വരാനിരിക്കുന്ന സർപഞ്ച് തെരഞ്ഞെടുപ്പിൽ ഇക്കോലാഹയിൽ നിന്ന് മത്സരിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോഴായിരുന്നു കൊലപാതകം.
വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
ഇത് ഞങ്ങളുടെ പാർട്ടിക്ക് വലിയ നഷ്ടമാണ്. സജീവ പാർട്ടി നേതാവായിരുന്ന അദ്ദേഹം താഴെത്തട്ടിൽ കർഷകരുമായി ബന്ധപ്പെട്ടിരുന്നു. കൊലപാതകം അദ്ദേഹത്തിൻ്റെ എതിരാളികളുടെ സൃഷ്ടിയാണെന്ന് തോന്നുന്നുവെന്നും ഖന്നയിൽ നിന്നുള്ള എഎപി എംഎൽഎ തരുൺപ്രീത് സിംഗ് സോണ്ട് പറഞ്ഞു.