ന്യൂഡൽഹി :- മാസത്തിൽ രണ്ടു പ്രാവശ്യമായി 21 തവണ പ്രതി സ്റ്റേഷനിലെ ദേശീയ പതാകയുടെ മുന്നിൽ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്നാണ് കോടതിയുടെ നിബന്ധന. മധ്യപ്രദേശ് ഹൈക്കോടതിയാണ് നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്.
ഭോപാൽ സ്വദേശി ഫൈസൽ ഖാൻ (28) ആണ് കേസിലെ പ്രതി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ ഫൈസലിനെ മേയ് 17ന് ഭോപാലിലെ മിസ്റോഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ, പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ‘പാകിസ്ഥാൻ സിന്ദാബാദ്, ഹിന്ദുസ്ഥാന്ഡ മൂർദാബാദ്’ എന്നാണ് ഫൈസൽ വിളിച്ചത്.
കേസിന്റെ വിചാരണ കഴിയുന്നത് വരെ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ച രാവിലെ 10നും 12നും ഇടയിൽ സ്റ്റേഷനിലെത്തി ദേശീയപതാകയുടെ മുന്നിൽ ഭാരത് മാതാ കീ ജയ് വിളിക്കണമെന്നാണ് കോടതിയുടെ നിർദേശം. മദ്ധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ദിനേഷ് കുമാർ പലിവാളിന്റെ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ജനിച്ച് വളർന്ന രാജ്യത്തിനെതിരെ അദ്ദേഹം പരസ്യമായി മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തതെന്നും ഹൈക്കോടതി പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 ബി പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയ്ക്കുള്ള ഒരു ജാമ്യവും നൽകിയാൽ ഫൈസാനെ ജാമ്യത്തിൽ വിട്ടയക്കാമെന്ന് കോടതിയുടെ വിധിയിൽ ജസ്റ്റിസ് പാലിവാൾ വ്യക്തമാക്കി. നിയമനടപടികളിലുടനീളം വിചാരണക്കോടതിയിൽ സ്ഥിരമായി ഹാജരാകുന്നതിന് വേണ്ടിയായിരുന്നു ഈ നടപടി സ്വീകരിച്ചത്.