ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ ഡൽഹി നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11.45നാണ് സംസ്കാര ചടങ്ങുകൾ. ഡൽഹി മോത്തിലാൽ നെഹ്റു മാർഗിലുള്ള വസതിയിലാണ് ഇപ്പോൾ ഭൗതികശരീരം. ഒട്ടേറെപ്പേർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ശനിയാഴ്ച രാവിലെ 8ന് എഐസിസി ആസ്ഥാനത്ത് പൊതുദർശനം ആരംഭിക്കും. ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കാം. ഇതിനിടെ, മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. മറ്റു പ്രധാനമന്ത്രിമാരുടെ സ്മാരകമുള്ള യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെ സമീപിച്ചത്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തോട് അനുബന്ധിച്ചു ശനിയാഴ്ച കേന്ദ്രസർക്കാർ ഓഫിസുകൾക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 9.51ന് ആയിരുന്നു മൻമോഹൻ സിങ്ങിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനു പ്രത്യേക സ്ഥലം അനുവദിക്കാത്തത് വേദനാജനകമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. സംസ്കരിച്ചിടത്തു തന്നെ സ്മാരകം വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. സ്മാരകത്തിനുള്ള സ്ഥലം അടുത്ത ആഴ്ച അനുവദിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.