മുംബൈ :- മുംബൈയിലെ ഖാട്ട്കോപാർ റെയിൽവേ സ്റ്റേഷനിൽ നവംബർ 15നാണ് സംഭവം നടന്നത്. സംഭവത്തിലുൾപ്പെട്ട 16 കാരനെയും ഇയാളുടെ മൂത്ത സഹോദരനെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.അങ്കുശ് ഭഗവാൻ ഭാലേറാവു എന്നയാത്രക്കാരനാണ് കുത്തേറ്റ് മരിച്ചതെന്ന് കുർല റെയിൽവേ പൊലീസ് അറിയിച്ചു.
ഛത്രപതി ശിവജി ടെർമിനസിൽ നിന്ന് നവംബർ 14ന് ട്രെയിൻ കയറിയ അങ്കുശും 16 കാരനും തമ്മിൽ സീറ്റിനെ ചൊല്ലി തർക്കമുണ്ടാവുകയും അങ്കുശ് 16 കാരനെ തല്ലുകയും ചെയ്തു. പിറ്റേന്ന് അതേ ട്രെയിനിൽ ഖാട്ട്കോപാർ റെയിൽവേ സ്റ്റേഷനിലെ 4-ാം നമ്പർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അങ്കുശിനെ 16കാരൻ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
അക്രമണത്തിൽ സാരമായി പരിക്കേറ്റ അങ്കുശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണ് 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാളുടെ സഹോദരനെ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിനുപയോഗിച്ച കത്തി വീടിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചെന്നും തിരിച്ചറിയാതിരിക്കാനായി മുടിവെട്ടിയെന്നും 16കാരൻ പൊലീസിനോട് പറഞ്ഞു. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.