അങ്കോള: ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ച് രാജ്യമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ പത്മ ശ്രീ പുരസ്‌കാര ജേതാവ് തുളസി ഗൗഡ(86) അന്തരിച്ചു. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു അവര്‍.
കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലി ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം. കുട്ടിയായിരിക്കുമ്പോള്‍ തന്നെ മരങ്ങളോടും ചെടികളോടും അവര്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ വനം വകുപ്പിന്റെ പ്ലാന്റ് നഴ്‌സറിയില്‍ തുളസി ജോലി ചെയ്തിരുന്നു. ആ പ്രായത്തിലും അവര്‍ സ്ഥിരമായി നഴ്‌സറികള്‍ സന്ദര്‍ശിക്കുകയും വൃക്ഷത്തൈകൾ വളര്‍ത്തുകയും ചെയ്തിരുന്നു.
അങ്കോളയില്‍ ആയിരക്കണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിച്ച തുളസി ഗൗഡയെ ‘മരങ്ങളുടെ സര്‍വ വിജ്ഞാന കോശം’ എന്നാണ് അറിയപ്പെടുന്നത്. ജീവിതകാലം മുഴുവന്‍ പ്രകൃതിയോട് ചേര്‍ന്ന് നിന്ന അവരെ പത്മ ശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ഇതിന് പുറമെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷ മിത്ര പുരസ്‌കാര ജേതാവ് കൂടിയാണ് അവര്‍.
ഉത്തരകന്നഡയിലെ ഹലക്കി സമുദായത്തിലാണ് തുളസി ഗൗഡ ജനിച്ചത്. മൂന്ന് മക്കളാണ് അവര്‍ക്കുള്ളത്. വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിലെ തുളസിയുടെ അസാധാരണമായ വൈദഗ്ധ്യം കര്‍ണാടക വനം വകുപ്പ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് അവര്‍ക്ക് പ്രത്യേക സ്റ്റാഫ് പദവി നല്‍കുകയും വിരമിച്ച ശേഷവും ജോലിയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു.
തുളസി ഗൗഡയ്ക്ക് അര്‍ഹിച്ച അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ സഹായിച്ച വിരമിച്ച ഫോറസ്റ്റ് ഓഫീസര്‍ എ എൻ യെല്ലപ്പ റെഡ്ഡി അവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘‘തുളസി ഗൗഡയുടെ വേര്‍പാട് സംസ്ഥാനത്തിന് തീരാ നഷ്ടമാണ്. നഴ്‌സറി ജോലിക്കാരിയായ അവര്‍ക്ക് വൃക്ഷത്തൈകള്‍ വളര്‍ത്തുന്നതില്‍ അതുല്യമായ കഴിവുണ്ടായിരുന്നു.
മരങ്ങള്‍ വളര്‍ത്തുമ്പോള്‍ അവരുടെ കൈകളില്‍ മാന്ത്രികത അനുഭവപ്പെട്ടിരുന്നു. ഓരോ വിത്തും എത്ര ആഴത്തില്‍ നടണമെന്നും മണ്ണ്, മണല്‍, വളം എന്നിവയുടെ ശരിയായ അനുപാതവും കൃത്യമായി നടേണ്ടത് എങ്ങനെയെന്നും അവര്‍ക്ക് നന്നായി അറിയാമായിരുന്നു. തുളസി ഗൗഡ പരിപാലിച്ച തൈകള്‍ നഴ്‌സറിയിലെ മറ്റ് ചെടികളേക്കാല്‍ മികച്ച വളര്‍ച്ചയാണ് കാഴ്ച വെച്ചത്,’’ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സസ്യങ്ങളെക്കുറിച്ചും കാടുകളെക്കുറിച്ചും അവര്‍ക്ക് അപാരമായ അറിവുണ്ടായിരുന്നു. ചെടികള്‍ നടുന്നതിലുപരിയായി അവയുടെ പരിപാലനത്തിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. നിങ്ങള്‍ എത്ര ചെടികള്‍ നട്ടു എന്നതില്ല, മറിച്ച് ആ തൈകള്‍ എത്രമാത്രം പരിപാലിക്കുന്നു എന്നതിലാണ് പ്രധാനമെന്ന് അവര്‍ എപ്പോഴും പറയുമായിരുന്നു,’’ മംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ദിനേശ് ഹോല ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.