അയോധ്യ- ശ്രീരാമക്ഷേത്രത്തിലെ രാം ലല്ല വിഗ്രഹം ഇനി ബാലക് രാം എന്നാണ് അറിയപ്പെടുക. അഞ്ചു വയസ്സുകാരന്റെ പ്രതിമയയാതിനാലാണ് ബാലക് രാമെന്ന പേര് നല്‍കിയത്.
ബാലക് രാമിനെ അലങ്കരിക്കാന്‍ ഉപയോഗിച്ചത് കോടിക്കണക്കിനു രൂപ വിലയുള്ള സ്വര്‍ണവും വജ്രങ്ങളും. 15 കിലോഗ്രാം സ്വര്‍ണം, 18,000 വജ്രങ്ങള്‍, മരതകങ്ങള്‍ തുടങ്ങിയവയാണ് വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള ആഭരണങ്ങള്‍ക്കായി ഉപയോഗിച്ചത്.
ഒരു തിലകം, ഒരു കിരീടം, നാല് മാലകള്‍, അരപ്പട്ട, രണ്ട് ജോഡി പാദസരം, വിജയ് മാല, രണ്ട് മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആഭരണങ്ങള്‍ 12 ദിവസങ്ങളെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. വിഗ്രഹത്തിന് മാറ്റുകൂട്ടാന്‍ 14 ആഭരണങ്ങളാണുള്ളത്. രാം ലല്ലയ്ക്ക് ആഭരണങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ലഖ്നൗവിലെ ഹര്‍സഹൈമല്‍ ശ്യാംലാല്‍ ജ്വല്ലേഴ്സിനായിരുന്നു. 15 ദിവസം മുമ്പാണ് രാം മന്ദിര്‍ ട്രസ്റ്റ് ജ്വല്ലറിയുമായി ബന്ധപ്പെട്ടതും നിര്‍മാണ ചുമതല കൈമാറിയതും.
അധ്യാത്മ രാമായണം, ശ്രീമദ് വാല്‍മീകി രാമായണം, ശ്രീ രാമചരിതമാനസ്, ആലവന്ദര്‍ സ്‌തോത്രം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിവരിച്ചതുപോലെ ശ്രീരാമന്റെ വേദാധിഷ്ഠിത സൗന്ദര്യം പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള ആഭരണങ്ങളാണ് വിഗ്രഹത്തിന് ഉപയോഗിച്ചതെന്നാണ് ക്ഷേത്രം ട്രസ്റ്റ് അവകാശപ്പെടുന്നത്.
ആഭരണങ്ങളുടെ കേന്ദ്രഭാഗമായ കിരീടത്തിന് അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയുടെ തലപ്പാവിനോടാണ് സാമ്യമുള്ളത്. ഈ പ്രായത്തിലുള്ള വിഗ്രഹത്തിന് കിരീടം നിര്‍മിക്കണമെന്നത് രാം മന്ദിര്‍ ട്രസ്റ്റിന്റെ പ്രത്യേക താത്പര്യമായിരുന്നു.
75 കാരറ്റ് വജ്രങ്ങള്‍, 175 കാരറ്റ് സാംബിയന്‍ മരതകം, 262 കാരറ്റ് മാണിക്യങ്ങള്‍ എന്നിവയ്ക്കൊപ്പം 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കിരീടത്തിന് മാത്രം ഏകദേശം 1.7 കിലോഗ്രാം ഭാരമുണ്ട്. ശ്രീരാമന്റെ സൂര്യവംശത്തെ സൂചിപ്പിക്കുന്ന കിരീടം അലങ്കരിക്കാന്‍ ശുദ്ധിയെ പ്രതീകപ്പെടുത്തുന്ന വജ്രങ്ങളാണ് ഉപയോഗിച്ചത്.
തിലകമെന്ന് വിശേഷിപ്പിക്കുന്ന നെറ്റിയിലെ ‘ദിവ്യ അടയാളം’ 16 ഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ചാണ് നിര്‍മിച്ചത്. മധ്യഭാഗത്ത് മൂന്ന് കാരറ്റ് വജ്രങ്ങളും ഇരുവശത്തും 10 കാരറ്റ് വജ്രങ്ങളും ഉപയോഗിച്ചിരിക്കുന്നു. കൂടാതെ കിരീടത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ ബര്‍മീസ് മാണിക്യവും ഉപയോഗിച്ചിട്ടുണ്ട്.
65 ഗ്രാം ഭാരമുള്ള ഒരു മരതക മോതിരം, നാല് കാരറ്റ് വജ്രം, 33 കാരറ്റ് മരതകം, ഒരു സാംബിയന്‍ മരതകമുള്ള മോതിരം തുടങ്ങിയവയെല്ലാം വിഗ്രഹത്തിലുണ്ട്.