തിരുവനന്തപുരം: ജനുവരി പകുതിയാകും മുമ്പ് സംസ്ഥാനത്ത് ചൂട് കൂടി. കേരളത്തിന്റെ മധ്യ-വടക്കൻ ജില്ലകളിലാണ് ചൂട് ക്രമാതീതമായി വർധിക്കുന്നത്. മധ്യകേരളം മുതൽ വടക്കോട്ട് പലയിടങ്ങളിലും 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്.
ദക്ഷിേണന്ത്യയിൽ മൺസൂൺ ദുർബലമാകാനും, കാറ്റിന്റെ ദിശയിൽ മാറ്റം വരുന്നതിനും എൽ നിനോ പ്രതിഭാസമാണ് കാരണം.
ഇപ്പോൾ തെക്കേ ഇന്ത്യയുടെ ഭാഗങ്ങളിൽ എൽ നിനോ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിൽ ചൂട് ഉയരുന്നത്. മഴ മാറിയതോടെ പകൽ താപനില ഉയർന്നതിനാൽ വരും ദിവസങ്ങളിലും സ്ഥിതി തുടരും.
പസഫിക് സമുദ്രത്തിൽ കാണപ്പെടുന്ന സവിശേഷമായ കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. പസഫിക്കിലെ മധ്യഭാഗത്ത് ഭൂമധ്യരേഖക്ക് ചുറ്റുമായി ഒരു നിശ്ചിത പ്രദേശത്ത് സമുദ്രത്തിന്റെ ഉപരിതലത്തിൽ അസാധാരണ ചൂട് രൂപപ്പെടും. ഭൂമിയുടെ പടിഞ്ഞാറ് വശത്തേക്ക് സഞ്ചരിക്കുന്ന വായു പ്രവാഹത്തിന്റെ വേഗം കുറയുകയും ചൂട് വെള്ളം കിഴക്കോട്ട് തള്ളി മാറ്റപ്പെടുകയും ചെയ്യുന്നതാണ് എൽ നിനോയ്ക്ക് കാരണം.
ഇതിന്റെ ഫലമായി മധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതല താപനില ശരാശരിയെക്കാൾ കൂടുതലാകും. ഭൂമിയിൽ സാധാരണ ഗതിയിൽ ലഭ്യമാകുന്ന മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ദിശയും സമയ ക്രമവും മാറ്റാൻ ഈ പ്രതിഭാസത്തിന് കഴിയും.
എൽ നിനോ പ്രതിഭാസത്തിനൊപ്പം അറബിക്കടൽ ചൂട് പിടിച്ച സ്ഥിതിയുമുണ്ട്. അതിനാൽ തീരദേശ മേഖലകളിലെല്ലാം വരും ദിവസങ്ങളിൽ ഒന്ന് മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ശരാശരിയെക്കാൾ ചൂടുയരും. ഇടയ്ക്ക് ശീത തരംഗത്തിന്റെ സാന്നിധ്യം മൂലം ഒന്നോ രണ്ടോ ദിവസം ചൂട് കുറയാനും സാധ്യതയുണ്ട്.