ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷം. ദീപാവലി ആഘോഷങ്ങൾക്കിടയിൽ രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള രംഗോലി ചിലർ നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം തുടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഘർഷം നടന്നത്.
സംഘർഷാവസ്ഥയിലായതോടെ രണ്ട് സംഘം വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം മുദ്രാവാക്യങ്ങൾ വിളിച്ചു. ഇതിനെ തുടർന്ന് ക്യാമ്പസിന് പുറത്ത് പൊലീസിനെ വിന്യസിപ്പിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഒരു കൂട്ടം വിദ്യാർത്ഥികൾ ദീപാവലി ആഘോഷം തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു.സർവകലാശാല സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും വിദ്യാർഥികൾ പിരിഞ്ഞുപോവുകയും ചെയ്തു.
കാമ്പസിനുള്ളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഘര്‍ഷം കൂടുതൽ ക്രമസമാധാന പ്രശ്നത്തിലേക്ക് കടക്കാത്തതിനാൽ പൊലീസ് ക്യാമ്പസിന് പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.