ഇന്ത്യയിലെ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 96 കോടി കടന്നു. ആമേരിക്ക, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യയെക്കാൾ കൂടുതലാണിത്. ഇൻ്റർനെറ്റ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ഇന്ത്യ പുതിയ നാഴികക്കല്ലിൽ എത്തിയ സന്തോഷം ടെലികോം മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെ അറിയിച്ചു. വയർലെസ് ഇന്റർനെറ്റ് കണക്ഷനെയാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത്.
ഏപ്രിൽ, മെയ്, ജൂൺ മാസത്തിൽ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം 95.44 കോടിയിൽ നിന്ന് 96.96 കോടിയിലെക്ക് എത്തിയിരുന്നു. 1.59 ശതമാനത്തിന്റെ വദ്ധനവി ഈ കാലയളവിൽ ഉണ്ടായി. ആകെയുള്ള 96.96 ഇൻ്റർനെറ്റ് ഉപഭോക്താക്കളിൽ 4.2 കോടി പേർ മാത്രമാണ് വയേർഡ് ഇന്റർനെറ്റ് കണക്ഷനെ ആശ്രയിക്കുന്നത്. ബാക്കിയുള്ള 92 കോടി പേരും വയർലെസ് കണക്ഷനെയാണ് ആശ്രയിക്കുന്നത് എന്നാണ് ടെലിക്കോം റെഗുലേറ്ററി അതോറിട്ടിയുടെ കണക്കുകൾ പറയുന്നത്.
പൊതുമേഖലയിലുള്ള കമ്പനികളും സ്വകാര്യ മേഖലയിലുള്ള കമ്പനികളും ഇന്ത്യയിലെ ഇന്റർനെറ്റ് സേവന രംഗത്തുണ്ട്. ലോക ജനസംഖ്യയിൽ ഒന്നാമതുള്ള ഇന്ത്യ ഇപ്പോൾ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിലും ഒന്നാമതെത്തിയിരിക്കുകയാണ്.