Wednesday, January 1, 2025
Homeഇന്ത്യഇന്‍ഡിഗോയുടെ 10 വിമാനങ്ങള്‍ക്കൂടി ചൊവ്വാഴ്ച ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്

ഇന്‍ഡിഗോയുടെ 10 വിമാനങ്ങള്‍ക്കൂടി ചൊവ്വാഴ്ച ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്

ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ഇന്‍ഡിഗോ അറിയിച്ചു.6E-63 ഡല്‍ഹി ജിദ്ദ, 6E-12 ഇസ്താംബുള്‍-ഡല്‍ഹി, 6E-83 ഡല്‍ഹി-ദമ്മാം, 6E-65 കോഴിക്കോട്-ജിദ്ദ, 6E-67 ഹൈദരാബാദ്-ജിദ്ദ, 6E-77 ബംഗളൂരു-ജിദ്ദ, 6E- 18 ഇസ്താംബുള്‍-മുംബൈ, 6E-164 മംഗലാപുരം-മുംബൈ, 6E-118 ലഖ്നൗ-പൂനെ, 6E-75 അഹമ്മദാബാദ്-ജിദ്ദ എന്നീ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ഇൻഡിഗോ അറിയിച്ചു

ഇന്‍ഡിഗോയെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ഉപഭോക്താക്കളുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയാണ് മറ്റ് എല്ലാ ഘടകങ്ങളെയുംകാള്‍ പരമപ്രധാനം. ബന്ധപ്പെട്ട എല്ലാ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു,’ ഇന്‍ഡിഗോ അറിയിച്ചു.

ഇന്‍ഡിഗോയ്ക്ക് പുറമെ പത്ത് വിസ്താര വിമാനങ്ങള്‍ക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതായും വിമാനത്താവളങ്ങളിലും വിമാനങ്ങളിലും സുരക്ഷാ പരിശോധന നടത്തിയതായും വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ഒക്ടോബര്‍ 21ന് സര്‍വീസ് നടത്തിയ വിസ്താരയുടെ ചില വിമാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി സുരക്ഷാ ഭീഷണി ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഞങ്ങള്‍ അധികാരികളെ വിവരമറിയിക്കുകയും അവര്‍ നിര്‍ദേശിച്ച സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്തു. വിസ്താരയെ സംബന്ധിച്ചിടത്തോളം ഉപയോക്താക്കളുടെയും ക്രൂവിന്റെയും വിമാനങ്ങളുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനം,’ വിസ്താര കമ്പനിയുടെ അധികൃതർ അറിയിച്ചു.

ആഭ്യന്തര, അന്താരാഷ്ട്രതലത്തില്‍ സർവീസ് നടത്തുന്ന 30 ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തിങ്കളാഴ്ച രാത്രി ബോംബ് ഭീഷണി ലഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. ഇന്‍ഡിഗോ, വിസ്താര, എയര്‍ ഇന്ത്യ എന്നിവയുള്‍പ്പെടുന്ന വിമാനകമ്പനികള്‍ക്കാണ് ഏറ്റവും പുതിയതായി ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയോളമായി ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് വ്യാജബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത് തുടരുകയാണ്.

ഒരാഴ്ചയ്ക്കിടെ 120ലധികം വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ഈ ഭീഷണികള്‍ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും ഇത്തരം സംഭവങ്ങളില്‍ പാലിക്കേണ്ട പ്രോട്ടോക്കോളുകള്‍ കാരണം വിമാനങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. ഇത്തരം വ്യാജ സന്ദേശങ്ങള്‍ നേരിടുന്നതിന് കര്‍ശന നിയമങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു.

സുരക്ഷാ നിയമങ്ങളില്‍ ഭേദഗതി വരുത്താനും വ്യാജ കോളുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും പങ്കിടുന്നവര്‍ക്ക് ജീവപര്യന്തം തടവും വിമാനത്തില്‍ കയറുന്നതിന് വിലക്കും ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുമെന്ന് വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു പറഞ്ഞു. വിമാനക്കമ്പനികള്‍ക്ക് ബോംബ് ഭീഷണി ലഭിക്കുന്നത് തടയാന്‍ നിയമനിര്‍മാണ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു.

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വിമാനയാത്രയെയും യാത്രക്കാരെയും വ്യാജബോംബ് സന്ദേശങ്ങള്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ച സാഹചര്യത്തിൽ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് വരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments