ലോകത്തിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതും പവിത്രവുമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തർപ്രദേശ്. അതിലേക്കുള്ള ദൂരത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഗംഗ തടത്തിൽ ഹരിദ്വാർ, ഗംഗ, യമുന, സരസ്വതി സംഗമത്തിൽ പ്രയാഗ്‌രാജ്, ഗോദാവരിയുടെ കരയിൽ നാസിക്, ക്ഷിപ്ര നദീതീരത്ത് ഉജ്ജയിൽ ഇങ്ങനെ നാല് നദി തടങ്ങളിലും ആയി നാല് കുംഭമേളകളാണ് നടന്നുവരാറുള്ളത്..
ഓരോ കുംഭമേളയും 12 വർഷം കൂടുമ്പോഴാണ് നടക്കുക. അതിനെ പൂർണ്ണ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നു. ഹരിദ്വാരിലും പ്രയാഗ്‌രാജിലും ആറുവർഷം കൂടുമ്പോൾ അർദ്ധ കുംഭവും നടക്കും. ഒരു മേള കഴിഞ്ഞ് അടുത്തത് തുടങ്ങാൻ മൂന്നുവർഷത്തിന്റെ കാത്തിരിപ്പ് വേണം. ഇങ്ങനെ പോകുന്ന കാലചക്രത്തിൽ 12 പൂർണ കുംഭമേളകൾ പൂർത്തിയാകുമ്പോൾ ഒരു മഹാ കുംഭമേളയ്ക്ക് തിരി തെളിയുകയായി. ആ മഹാ സംഭവത്തിനാണ് 2025 ജനുവരി 13ന് ഉത്തരപ്രദേശിലെ പ്രയാഗ് രാജിൽ തുടക്കം കുറിക്കുന്നത്.
144 വർഷം മുൻപ് 1881 ലാണ് അവസാന മഹാകുംഭം നടന്നത്. കുംഭം എന്ന് മാത്രമാണ് ആദ്യകാലത്ത് ഈ വിശേഷപ്പെട്ട ദിവസങ്ങൾഅറിയപ്പെട്ടിരുന്നത്. കുംഭം രാശിയിൽ നടക്കുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കപ്പെട്ടത്.എന്നാൽ പിന്നീട് കുംഭം എന്നത് വലിയൊരു മേളയായി വളരുകയായിരുന്നു. അങ്ങനെ കുംഭം എന്നത് കുംഭമേളയായി.
#പുരാണങ്ങളിൽ_പരാമർശിക്കപ്പെട്ട കുംഭമേള.
ദേവന്മാരും അസുരന്മാരും അമൃത് നായി പാൽക്കടൽ കടയുകയും അമൃതകുംഭം പൊങ്ങി വന്നപ്പോൾ അസുരന്മാർ തട്ടിയെടുക്കാതിരിക്കാൻ ഗരുഡൻ അതുമായി പറന്നുയരുകയും ചെയ്തു. അമൃത കുംഭവുമായി ഗരുഡൻ വിശ്രമിച്ച നാല് സ്ഥലങ്ങളിലാണ് കുംഭമേള നടക്കുന്നത് എന്നാണ് വിശ്വാസം.
സമീക്ഷ സൂത്രങ്ങളിൽ സർഗ്ഗം എന്ന ഭാഗത്തിലാണ് പാലാഴി മഥനത്തെ കുറിച്ചുള്ള പരാമർശം ഉള്ളത്. പാലാഴി മഥനമെന്നാൽ സർഗം അഥവാ സൃഷ്ടി തന്നെയാണ്. അങ്ങനെ വരുമ്പോൾ ഭൂമിയുടെ സൃഷ്ടിസമയത്ത് ഉണ്ടായതാണ് അമൃതം എന്നർത്ഥം. മനുഷ്യന്റെയും പ്രകൃതിയുടെയും മൊത്തത്തിലുള്ള ഊർജ്ജത്തെ ശക്തിപ്പെടുത്തുകയും, അതിനെ മുകളിലേക്കുള്ള ഗതി അതായത് ഊർദ്ധഗതി ആക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അമൃത് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ആത്മാവിന് അമരത്വം കിട്ടുന്നത് ഈ പ്രാണോർജത്തിന്റെ വികാസം കൊണ്ടാണ്.
#കുംഭമേളയും_വ്യാഴവട്ടവും
ചിലയിടങ്ങളിൽ പ്രത്യേക സമയങ്ങളിൽ പ്രാണോർജത്തിന്റെ വർദ്ധനവ് ക്രമാതീതമായിരിക്കും. അതെങ്ങനെയെന്നത് ഒരു ക്ഷേത്ര ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. ക്ഷേത്രങ്ങളിൽ സാധാരണ സമയങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ഊർജ്ജം ദീപാരാധന സമയത്ത് ഉണ്ടാകും. അത് നമുക്ക് അനുഭവമാവുകയും ചെയ്യും. സാധാരണ ദിവസങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആയിരിക്കും ഉത്സവ സമയത്ത് അനുഭവപ്പെടുക.
ഇതുതന്നെയാണ് കുംഭമേള സമയത്തും സംഭവിക്കുന്നത്. ഭാരതത്തിന്റെ നാല് സവിശേഷ സ്ഥലങ്ങളിൽ പ്രാണോർജ ത്തിന്റെ വർദ്ധനവ് ഉണ്ട്. അതാണ് പ്രയാഗ് രാജ്, നാസിക് ഹരിദ്വാർ ഉജ്ജയിനി എന്നീ സ്ഥലങ്ങൾ. സൃഷ്ടിയുടെ ആദ്യകാലത്ത് ഇവിടെ അമൃത് വീണ് എന്ന് പറഞ്ഞാൽ അവിടെ സവിശേഷമായ പ്രാണോർജത്തിന്റെ വർദ്ധനവ് ഉണ്ട് എന്നാണ് അർത്ഥം. ഒരു വ്യാഴവട്ടം എന്നാൽ 12 വർഷമാണ്. വ്യാഴവും ഭൂമിയും അടുത്ത് വരുന്ന സമയം. അതായത് മുകളിൽ പറഞ്ഞ പ്രത്യേക സമയങ്ങളിൽ എന്നത് 12 വർഷം കൂടുമ്പോഴാണ്. തൽസമയത്ത് പ്രാണോർജത്തിന്റെ വർദ്ധനവ് ഉണ്ടാകുന്നു.
പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവവേദ്യമാക്കാൻ കഴിയാത്ത ഊർജ്ജപ്രവാഹം ഈ സമയത്ത് നദിയിലാണ് ഉണ്ടാകുന്നത്. സാധനയ്ക്ക് വളരെയധികം സഹായം ചെയ്യുന്ന ഈ ഊർജ്ജ പ്രവാഹം രോഗശമനികാരി കൂടിയാണെന്ന് ആചാര്യന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഗംഗ, ഗംഗ യമുന സരസ്വതി സംഗമം, ഗോദാവരി, ക്ഷിപ്ര എന്നീ നദികളാണ് ഈ ഊർജ്ജപ്രവാഹകർ.
അതുകൊണ്ടുതന്നെ നദിയിൽ സ്നാനം ചെയ്യുക എന്നതിനാണ് കുംഭമേളയിൽ പ്രാധാന്യം. മകരസംക്രാന്തി മുതൽ ശിവരാത്രി വരെയാണ് കുംഭമേള. സൂര്യൻ ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന ഈ സമയത്ത് പ്രാണോർജം വർദ്ധിച്ചിരിക്കും എന്ന് ആചാര്യന്മാർ സാക്ഷ്യപ്പെടുത്തുന്നു.
കുംഭമേളയിൽ ഹിമാലയൻ സന്യാസിമാരാണ് ആദ്യം സ്നാനം ചെയ്യുന്നത്.13 അഖാഡകളിലും ഉള്ളവർ സ്നാനം ചെയ്യുന്നു. നല്ല വ്രതശുദ്ധിയും നിഷ്ഠയും ഉള്ളവർക്ക് മാത്രമേ വർദ്ധിച്ച പ്രാണോർജത്തെ സ്വീകരിക്കാൻ കഴിയു. അതുകൊണ്ട് അഘോരികൾ വന്ന് സ്നാനം ചെയ്തതിനുശേഷം മാത്രമേ ഗൃഹസ്ഥർക്ക്സ്നാനം അനുവദനീയമായിട്ടുള്ളൂ. സന്യാസ സമൂഹം സ്നാനം ചെയ്താൽ നദീ ജലത്തിലെ പ്രാണോർജം ക്രമീകരിക്കപ്പെടും.
ഭാഗവത സപ്താഹത്തിലെ വിഗ്രഹ നിമഞ്ജന തത്വം തന്നെയാണ് കുംഭമേളയിലും നടക്കുന്നത്. സപ്താഹത്തിൽ ഏഴു ദിവസം വെച്ച വിഗ്രഹം നിമഞ്ജനം ചെയ്യും. ‘അവഭ്രതം ‘എന്നാണ് ഇതിന് പറയുന്നത്.’അവ ‘എന്നാൽ രക്ഷിക്കുക എന്നർത്ഥം. ‘ദൃഢ നിമഞ്ജനേ’ നിമഞ്ജനം ചെയ്യുക. രക്ഷാ നിമഞ്ജനം എന്ന് വാക്കിന് അർത്ഥം.
സപ്താഹത്തിന് വെച്ച് വിഗ്രഹം നിമഞ്ജനം ചെയ്യുമ്പോൾ എല്ലാവരും കൂടെ മുങ്ങും. ഒരുപ്രത്യേക ചുറ്റളവിനകത്ത് ഈ ഊർജ്ജം പ്രസരിക്കും. കൂടെ മുങ്ങുന്നവർക്ക് ഈ ഊർജ്ജം പ്രയോജനം ചെയ്യും. ഇതേ തത്വം തന്നെയാണ് കുംഭമേളയിലും നടക്കുന്നത്. 12 വർഷത്തിലൊരിക്കൽ കുംഭമേള സമയത്തുണ്ടാകുന്ന ഊർജ്ജം സാധകരായ സന്യാസിമാർ വന്നു സ്നാനം ചെയ്യുമ്പോൾ അത് എല്ലാവർക്കും പ്രയോജനകരമായി ഭവിക്കുന്നു.