ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് നോൺ എ.സി. സ്ലീപ്പർ ബസ് സർവീസുമായി കർണാടക ആർ.ടി.സി. ഈ മാസം ആറിന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള സർവീസ് ഏഴിനും ആരംഭിക്കും.
മാനന്തവാടി വഴിയാണ് സർവീസ്. 950 രൂപയാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിൽ നിരക്ക് കൂടും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് കർണാടക ആർ.ടി.സി. കോഴിക്കോേട്ടക്ക് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്.
സമയക്രമം അറിയാം.
ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് ദിവസവും രാത്രി 8.45ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 5.45ന് കോഴിക്കോട് സ്റ്റാൻഡിലെത്തും. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡ് (രാത്രി 9.15), രാജരാജേശ്വരിനഗർ (9.20), കെങ്കേരി ടി.ടി.എം.സി. (9.30) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മാനന്തവാടിയിൽ പുലർച്ചെ 3.15-നും കൽപ്പറ്റയിൽ പുലർച്ചെ നാലിനും എത്തും. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.25ന് ശാന്തിനഗർ ബസ് സ്റ്റാൻഡിലെത്തും. 9.55ന് താമരശ്ശേരിയിലും 11.25ന് കൽപ്പറ്റയിലും എത്തും.
കോട്ടയത്തേക്കും സ്ലീപ്പർ
കോട്ടയത്തേക്കും നോൺ എ.സി. സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കാൻ കർണാടക ആർ.ടി.സി. ഒരുങ്ങുന്നു. പല്ലക്കി ബസുകളായിരിക്കും സർവീസ് നടത്തുന്നത്. അന്തിമാനുമതിക്കായി കാക്കുകയാണെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.
ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഇതുവരെ 12 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. ഈ ബസുകളിലും ടിക്കറ്റ് വേഗം വിറ്റഴിയുകയാണ്.