ന്യൂഡൽഹി: യുവാവിന്റെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർമാർ. ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ആണ് സംഭവം. 22 വയസ്സുകാരനിൽ നിന്നാണ് പാറ്റയെ പുറത്തെടുത്തത്
കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ വയറുവേദനനയുണ്ടെന്ന് പറഞ്ഞതാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷണം ദഹിക്കുന്നതിന് പ്രയാസം ഉണ്ടെന്നും യുവാവ് ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഉദരസംബന്ധമായ അസുഖമാണെന്ന് കരുതി ഡോക്ടർമാർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പാറ്റ ശരീരത്തിൽ എത്തിയതായി വ്യക്തമായത്.
ചെറുകുടലിൽ ആയിരുന്നു പാറ്റയെ കണ്ടത്. ഉടനെ തന്നെ യുവാവിനെ എൻഡോസ്‌കോപ്പിയ്ക്ക് വിധേയനാക്കി. എൻഡോസ്‌കോപ്പി വഴിയാണ് പാറ്റയെ പുറത്തെടുത്തത്.
ഫോർട്ടിസ് ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻഡ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ശുഭം വാസ്ത്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് എൻഡോസ്‌കോപ്പി നടത്തിയത്. 10 മിനിറ്റോളം ഈ പ്രകൃയ നീണ്ടു. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. തുടർ ചികിത്സ പൂർത്തിയാക്കിയ ശേഷം യുവാവ് ആശുപത്രി വിട്ടു.