ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാനൊരുങ്ങുന്ന ഇന്ത്യ കൂട്ടായ്‌മയുടെ ഐക്യകാഹളമായി ബിഹാറിൽ ‘ജനവിശ്വാസ് റാലി’. ചരിത്രമുറങ്ങുന്ന പട്‌നാ ഗാന്ധി മൈതാനിയിലെ റാലിയിൽ അഞ്ചുലക്ഷത്തോളം പേർ അണിനിരന്നു. പ്രതിപക്ഷ പാർടികളിലെ തലപ്പൊക്കമുള്ള നേതാക്കളുടെ സംഗമവേദിയായി റാലിമാറി. കേന്ദ്ര–-സംസ്ഥാന എൻഡിഎ സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ജനമുന്നേറ്റത്തിനാണ് ബിഹാറിൽ നാന്ദിയായത്.
ആർജെഡിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, സമാജ്‌വാദി പാർടി പ്രസിഡന്റ് അഖിലേഷ് യാദവ്, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുത്തു. ആർജെഡി മുതിർന്ന നേതാവ് ലാലുപ്രസാദ് യാദവ്, മകൻ തേജസ്വി യാദവ് തുടങ്ങിയവർ നേതാക്കളെ സ്വാഗതം ചെയ്‌തു. റാലിയിൽ സംസാരിച്ച നേതാക്കൾ മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ‘ഗ്യാരന്റി’യുടെ പൊള്ളത്തരം തുറന്നുകാട്ടി. മോദി സർക്കാരിനെ പുറത്താക്കി രാജ്യത്തെ രക്ഷിക്കുകയെന്ന കടമ ഓരോ രാജ്യസ്‌നേഹിയും ഏറ്റെടുക്കേണ്ട സമയമാണിതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
വെറുപ്പിന്റെയും ഹിംസയുടെയും അഹങ്കാരത്തിന്റെയും രാഷ്ട്രീയവും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്‌പരവിശ്വാസത്തിന്റെയും രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുൽഗാന്ധി പറഞ്ഞു. ബിഹാറിൽ നിന്നും വീശിയടിക്കുന്ന മാറ്റത്തിന്റെ കൊടുങ്കാറ്റ് രാജ്യത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. നിതീഷ്‌കുമാറിന്റെ രാഷ്ട്രീയവഞ്ചനയ്‌ക്ക് ശേഷവും ബിഹാറിൽ ആർജെഡി ശക്തമായ തിരിച്ചുവരവാണ് നടത്തുന്നതെന്ന റിപ്പോർട്ടുകൾ ശരിവെക്കുന്നതായിരുന്നു നവിശ്വാസ് റാലിയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പങ്കാളിത്തം.