Friday, September 20, 2024
Homeഇന്ത്യപോരാളിയെ സ്മരിച്ച് ലോകം ; ദീപ്‌തസ്‌മരണകൾ പങ്കിട്ട്‌ സംസ്ഥാനങ്ങൾ.

പോരാളിയെ സ്മരിച്ച് ലോകം ; ദീപ്‌തസ്‌മരണകൾ പങ്കിട്ട്‌ സംസ്ഥാനങ്ങൾ.

ന്യൂഡൽഹി; സീതാറാം യെച്ചൂരിയുടെ വേർപാടിൽ ലോകരാജ്യങ്ങളിൽനിന്നും അനുശോചനപ്രവാഹം. ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി അടിയുറച്ച്‌ പോരാടിയ സിപിഐ എം മുൻ ജനറൽ സെക്രട്ടറി യെച്ചൂരിയുടെ വിയോഗത്തിൽ വലിയ ദുഃഖമുണ്ടെന്ന്‌ നിക്കാരഗ്വേയുടെ പ്രസിഡന്റ്‌ ഡാനിയേൽ ഒർട്ടേഗ അനുശോചനസന്ദേശത്തിൽ പറഞ്ഞു. നീതിക്കും സത്യത്തിനും സാഹോദര്യത്തിനുംവേണ്ടി യെച്ചൂരി നടത്തിയ പോരാട്ടം കാലത്തിൽ കൊത്തിവയ്‌ക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാനായ നേതാവും കമ്യൂണിസ്‌റ്റ്‌ സൈദ്ധാന്തികനുമായ യെച്ചൂരിയുടെ വേർപാടിൽ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ചൈനയും (സിപിസി) അനുശോചിച്ചു. ഇന്ത്യയുടെ സാമൂഹ്യപുരോഗതിക്കും വികസനത്തിനും നിലകൊണ്ട നേതാവാണ്‌ യെച്ചൂരി. ഇടതുശക്തികളുടെയും സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനങ്ങളുടെയും വളർച്ചയ്‌ക്കും മുന്നേറ്റത്തിനും അദ്ദേഹം മികച്ച സംഭാവനകൾ നൽകി. ഇന്ത്യ–-ചൈന സുഹൃദ്‌ബന്ധം കൂടുതൽ ശക്തമാക്കാൻ അദ്ദേഹം വലിയ ഇടപെടൽ നടത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർടിയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സിപിസി അറിയിച്ചു.

ഇന്ത്യയിൽ ക്യൂബൻ ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ രൂപീകരിക്കാൻ യെച്ചൂരി നടത്തിയ ഇടപെടൽ അവിസ്‌മരണീയമാണെന്ന്‌ ക്യൂബൻ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ (പിസിസി) അനുശോചനസന്ദേശത്തിൽ പറഞ്ഞു. അന്താരാഷ്ട്ര കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്‌റ്റ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ പാർടികളുടെ അന്താരാഷ്ട്ര സമ്മേളനത്തിനും (ഐഎംസിഡബ്ലിയുപി) യെച്ചൂരി അമൂല്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും ഗ്രീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും (കെകെഇ) അനുസ്‌മരിച്ചു. 
 ഗ്രീസിലേക്കുള്ള യെച്ചൂരിയുടെ സന്ദർശനങ്ങളും പാർടികൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കാൻ നടത്തിയ ഇടപെടലും എക്കാലവും ഓർമിക്കുമെന്നും കെകെഇ അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ലോകമുടനീളമുള്ള കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന അവസരത്തിൽ യെച്ചൂരിയുടെ വിയോഗം കനത്തനഷ്ടമാണെന്ന്‌ പോർച്ചുഗീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി (പിസിപി) സന്ദേശത്തിൽ പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ കമ്യൂണിസ്‌റ്റ്‌, വിപ്ലവ പ്രസ്ഥാനങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും ഐക്യദാർഢ്യവും കെട്ടിപ്പടുക്കുന്നതിൽ യെച്ചൂരി നിർണായക പങ്ക്‌ വഹിച്ചതായും പിസിപി പ്രസ്‌താവിച്ചു.

സൈപ്രസിലെ പ്രോഗ്രസീവ്‌ പാർടി ഓഫ്‌ ദി വർക്കിങ്‌ പീപ്പിൾ (എകെഇഎൽ), വർക്കേഴ്‌സ്‌ പാർടി ഓഫ്‌ ബെൽജിയം (പിടിബി), കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ തുർക്കി (ടികെപി), കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ നേപ്പാൾ (യുഎംഎൽ), ശ്രീലങ്കയിലെ ജനതാവിമുക്തി പെരമുന(ജെവിപിപി), ശ്രീലങ്കൻ കമ്യൂണിസ്‌റ്റ്‌പാർടി (സിപിഎസ്‌എൽ), പാകിസ്ഥാൻ കമ്യൂണിസ്‌റ്റ്‌ പാർടി (സിപിപി), അവാമി വർക്കേഴ്‌സ്‌ പാർടി ഓഫ്‌ പാകിസ്ഥാൻ, വർക്കേഴ്‌സ്‌ പാർടി ഓഫ്‌ ബംഗ്ലാദേശ്‌ (ഡബ്ലിയുപിബി), ജപ്പാനിലെ കമ്യൂണിസ്‌റ്റ്‌ പാർടി (ജെസിപി), വെനസ്വേലൻ കമ്യൂണിസ്‌റ്റ്‌ പാർടി (സിപിവി), കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ മെക്‌സികോ, കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ബ്രസീൽ(പിസിഡിഒബി), ബ്രസീലിയൻ കമ്യൂണിസ്‌റ്റ്‌ പാർടി (പിസിബി), കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ സ്‌പെയിൻ (പിസിഇ), കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ദി വർക്കേഴ്‌സ്‌ ഓഫ്‌ സ്‌പെയിൻ (പിസിടിഇ), കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ അയർലൻഡ്‌ (സിപിഐ), കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ജർമനി (ഡികെപി), ഇറ്റലിയിലെ കമ്യൂണിസ്‌റ്റ്‌ റീഫൗണ്ടേഷൻ പാർടി, ഗാലിസാൻ പീപ്പിൾസ്‌ ഫോറം (യുപിജി), ഇറാനിലെ തുദേഹ്‌ പാർടി, റവല്യൂഷണറി കമ്യൂണിസ്‌റ്റ്‌ ലീഗ്‌ ഓഫ്‌ ബംഗ്ലാദേശ്‌ തുടങ്ങിയ പാർടികളും യെച്ചൂരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

ഉത്തരകൊറിയൻ സ്ഥാനപതി ചോയ്‌ ഹുയ്‌ ചോൾ എകെജി ഭവനിലെത്തി അനുശോചനസന്ദേശം കൈമാറി. കൊറിയൻ വർക്കേഴ്‌സ്‌ പാർടി കേന്ദ്ര കമ്മിറ്റിയുടെയും ഡെമോക്രാറ്റിക് പീപ്പിൾസ്‌ റിപബ്ലിക്ക്‌ ഓഫ്‌ കൊറിയയുടെ സ്ഥാനപതിയുടെയുടെയും അനുശോചനസന്ദേശങ്ങളാണ്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിക്ക്‌ കൈമാറിയത്‌. കഴിഞ്ഞദിവസങ്ങളിൽ നിരവധി വിദേശരാജ്യങ്ങളുടെ സ്ഥാനപതികളും പ്രതിനിധികളും എകെജി ഭവനിലെത്തി സീതാറാംയെച്ചൂരിക്ക്‌ അന്ത്യാഞ്‌ജലികൾ അർപ്പിച്ചിരുന്നു. ദേശീയ നേതാക്കളുമായും അന്തർദേശീയനേതാക്കളുമായും അടുത്തബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയനേതാവാണ്‌ യെച്ചൂരി.
അതുകൊണ്ട്‌, തന്നെ അദ്ദേഹത്തിന്റെ വേർപാടിൽ അന്ത്യാഞ്‌ജലി അർപ്പിച്ച്‌ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അനുശോചനം പ്രവഹിക്കുകയാണ്‌.

സീതാറാം യെച്ചൂരിയുടെ ദീപ്‌തസ്‌മരണകൾ പങ്കിട്ട്‌ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അനുശോചനയോഗം ചേർന്നു. ആന്ധ്രാപ്രദേശ്‌, ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ, ചത്തീസ്‌ഗഢ്‌, ആൻഡമാൻ–-നിക്കോബാർ, പുതുച്ചേരി, കർണാടകം, തമിഴ്‌നാട്‌, കേരളം തുടങ്ങിയ സ്ഥലങ്ങളിൽ യെച്ചൂരിക്ക്‌ അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള റാലികളും യോഗങ്ങളും നടന്നു. തമിഴ്‌നാട്ടിൽ നടന്ന യോഗത്തിൽ സിപിഐ എം, സിപിഐ, ഡിഎംകെ നേതാക്കൾ പങ്കെടുത്തു. മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ഉൾപ്പടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. പുതുച്ചേരിയിൽ ഇന്ത്യ കൂട്ടായ്‌മയുടെ നേതാക്കളും പ്രവർത്തകരും അനുശോചനറാലിയിലും സമ്മേളനത്തിലും അണിനിരന്നു. മുൻ മുഖ്യമന്ത്രി വി നാരായണസ്വാമി ഉൾപ്പടെയുള്ളവർ സംസാരിച്ചു.

സീതാറാംയെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന്‌ വച്ചപ്പോൾ ആദരാഞ്‌ജലിയും അഭിവാദ്യവും അർപ്പിക്കാൻ കഴിയാത്തവർക്ക്‌ ഡൽഹിയിലെ എകെജി ഭവനിലെത്തി ആദരമർപ്പിക്കാമെന്ന്‌ സിപിഐ എം. ഒപ്പം അവിടെ സൂക്ഷിച്ചിട്ടുള്ള അനുശോചന പുസ്‌തകത്തിൽ സ്വന്തം സന്ദേശം രേഖപ്പെടുത്താം. ഇത്‌ യെച്ചൂരിയുടെ കുടുംബത്തിന്‌ കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments