അങ്കോല: ഗംഗാവലി പുഴയിൽ അർജുൻ്റെ ട്രക്ക് കണ്ടെത്താനുള്ള തിരച്ചിൽ താല്ക്കാലികമായി അവസാനിപ്പിച്ചു.
ഗോവയിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കുന്നത് വരെ തിരച്ചിൽ നടത്തില്ല. ഡ്രഡ്‌ജർ എത്താൻ ഒരാഴ്ചയെടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.തിരച്ചിൽ താല്ക്കാലികമായി അവസാനിപ്പിച്ച കാര്യം അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിനോട് മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫ് അറിയിച്ചു.
നദിയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയാണ്. വിസിബിലിറ്റി കുറവായതിനാൽ ഡൈവർമാർക്ക് പുഴയിലിറങ്ങാൻ തടസമുണ്ട്.വെള്ളത്തിലെ കലക്ക് കുറഞ്ഞാൽ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വർ മാൽപേ വ്യക്തമാക്കിയത് .ഈ സാഹചര്യത്തിൽ നാവികസേനയുടെ സംഘം തിരച്ചിൽ നടത്തുന്നതിലും അനിശ്ചിതത്വം നേരിടുകയായിരുന്നു.
അർജുനെ കാണാതായിട്ട് ഒരുമാസം കഴിഞ്ഞു.ഇന്നലെ നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്ന് അർജുൻ്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു.കയർ അർജുൻ്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
പ്രാദേശിക മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപെയുടെ സംഘാംഗങ്ങളും എൻഡിആർഎഫും എസ്‌ഡിആർഎഫുമാണ് ഇന്നലെ നടന്ന തിരച്ചിലിൽ പങ്കാളികളായത്.