കൊൽക്കത്ത: കൊൽക്കത്തയിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ.കഴിഞ്ഞ ദിവസം സിബിഐ സംഘം ആർജി കർ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരെ അടക്കം ചോദ്യം ചെയ്തിരുന്നു. ഇനിയും ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നും സംശയമുണ്ടെന്നും സി.ബി.ഐ അറിയിച്ചിരുന്നു.കേസില്‍ ഒരുപ്രതി മാത്രമാണെന്ന പൊലീസിന്‍റെ നിഗമനം തെറ്റാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. അതേസമയം, സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
ആശുപത്രി അടിച്ചുതകർത്തതിന് പിന്നിൽ ബിജെപിയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.മമതയുടെ ഭരണത്തിൽ ബംഗാളിൽ അക്രമങ്ങൾ വർധിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.സ്ത്രീകൾക്ക് ബംഗാളിൽ യാതൊരു സുരക്ഷിതത്വവും ഇല്ലെന്നും അക്രമികളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ബിജെപി ആരോപിച്ചു.
ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടും അവരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ കഴിഞ്ഞദിവസം പ്രതികരിച്ചു.എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ബിജെപി അക്രമം അഴിച്ചുവിടുന്നത് എന്നാണ് ടിഎംസിയുടെ ആരോപണം.
സമരം നടക്കുന്ന ആശുപത്രിയിൽ കഴിഞ്ഞദിവസം ഉണ്ടായ അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു. സിബിഐ അന്വേഷിക്കുന്ന കേസിൽ ഇതുവരെ ഒരാളാണ് അറസ്റ്റിലായിട്ടുള്ളത്.