Tuesday, November 19, 2024
Homeഇന്ത്യരാഷ്ട്രീയക്കാറ്റിനൊപ്പം ചാഞ്ചാടി മമത.

രാഷ്ട്രീയക്കാറ്റിനൊപ്പം ചാഞ്ചാടി മമത.

കൊൽക്കത്ത:  പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’യെ സർക്കാരുണ്ടാക്കാൻ പുറത്തുനിന്ന്‌ പിന്തുണയ്‌ക്കുമെന്ന പ്രഖ്യാപനം തൃണമൂൽ കോൺഗ്രസ്‌ അധ്യക്ഷ മമത ബാനർജിയുടെ രാഷ്‌ട്രീയ ഞാണിന്മേൽകളിയുടെ തുടർച്ച. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മാറിവീശുന്ന രാഷ്ട്രീയ കാറ്റിന്റെ ഗതി മനസ്സിലാക്കിയാണ് മനംമാറ്റം.

ബംഗാളിൽ എന്തെല്ലാം ഒച്ചപ്പാടുകളുണ്ടാക്കിയാലും ദേശീയതലത്തിൽ മോദിയുമായും ബിജെപിയുമായും മമതയ്‌ക്കുള്ള നീക്കുപോക്ക്‌ പരസ്യമായ രഹസ്യമാണ്. വൻ അഴിമതി ആരോപണങ്ങൾ നേരിടുന്ന അനന്തരവൻ അഭിഷേക്‌ ബാനർജിക്ക്‌ എതിരായുള്ള ഇഡി അന്വേഷണങ്ങൾ സജീവമാകാത്തതും ഇക്കാരണത്താലാണ്‌. എൻഡിഎ മുന്നണിയുടെ ഭാഗമായി റെയിൽമന്ത്രിയായ ചരിത്രവും മമതയ്‌ക്കുണ്ട്‌.

ഇന്ത്യ കൂട്ടായ്‌മ രൂപീകരണ ഘട്ടത്തിൽ സഹകരിച്ച മമത, പിന്നാലെ പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടുനിന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ എല്ലാ പ്രതിപക്ഷ നേതാക്കളും ഡൽഹിയിൽ ഒത്തുകൂടി പ്രതിഷേധിച്ചപ്പോൾ മമത പങ്കെടുത്തില്ല. ബംഗാളിൽ ഇന്ത്യ കൂട്ടായ്‌മയുമായി സഹകരിക്കാനും തയ്യാറായില്ല. പിസിസി പ്രസിഡന്റ്‌ അധിർ രഞ്ജൻ ചൗധരിയുടെ എതിർപ്പ്‌ തള്ളി കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ ധാരണയ്‌ക്ക്‌ ശ്രമിച്ചിട്ടും മമത വഴങ്ങിയില്ലെന്നു മാത്രമല്ല, പരിഹസിക്കുകയും ചെയ്‌തു. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി, കോൺഗ്രസ്‌ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ എല്ലാ അടവും മമത പയറ്റുകയും ചെയ്‌തു.

ഈ സാഹചര്യത്തിലാണ്‌, വീണ്ടും ഇന്ത്യ കൂട്ടായ്‌മയോട്‌ ഒട്ടാനുള്ള
മമതയുടെ നീക്കത്തെ അധിർ രഞ്ജൻ എതിർത്തത്‌. എന്നാൽ, അധിർ രഞ്ജനെ പരസ്യമായി കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തള്ളിപ്പറഞ്ഞു. അത്തരം തീരുമാനമെടുക്കാൻ അധിർ രഞ്ജൻ ആരാണെന്ന ഖാർഗെയുടെ പരസ്യ പ്രതികരണം ബം​ഗാള്‍ കോണ്‍​ഗ്രസില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ബം​ഗാളിലെ പിസിസി ആസ്ഥാനത്ത് അടക്കം ഖാർഗെയുടെ ചിത്രങ്ങൾ പ്രവർത്തകർ കീറിയെറിഞ്ഞ്‌ കരിപൂശി. പ്രചാരണ വേദികളില്‍ അടക്കം കോണ്‍​ഗ്രസുകാര്‍ ഖാര്‍​ഗെയുടെ ചിത്രങ്ങള്‍ വലിച്ചു കീറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments