Thursday, December 26, 2024
Homeഇന്ത്യഅട്ടിമറി തടയാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ ഇടപെടണം ; ഇന്ത്യ കൂട്ടായ്‌മ നിവേദനം നൽകി.

അട്ടിമറി തടയാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ ഇടപെടണം ; ഇന്ത്യ കൂട്ടായ്‌മ നിവേദനം നൽകി.

ന്യൂഡൽഹി; തെരഞ്ഞെടുപ്പുകാലത്ത്‌ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ തെരഞ്ഞെടുപ്പ്‌ കമീഷനെ സന്ദർശിച്ച്‌ നിവേദനം നൽകി. നിഷ്‌പക്ഷവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി 15 ഉദാഹരണം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇത്‌ തടയാൻ തെരഞ്ഞെടുപ്പ്‌ കമീഷനിൽ നിക്ഷിപ്‌തമായ അധികാരം പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും മാറ്റാനുമുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനുണ്ട്‌. ഇതുപ്രകാരം നടപടി എടുക്കുന്നുമുണ്ട്‌. എന്നാൽ, രാഷ്‌ട്രീയ പകപോക്കലിന്റെ ആയുധമായി മാറിയിരിക്കുന്ന ഇഡി, സിബിഐ, ആദായനികുതിവകുപ്പ്‌ എന്നീ കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ സ്വീകരിക്കുന്നില്ല.

സ്വതന്ത്ര തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കേന്ദ്ര ഭരണകക്ഷി ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും കുടുക്കാനുള്ള തന്ത്രങ്ങളാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്. പ്രതിപക്ഷ പാർടി നേതാക്കളെമാത്രം വേട്ടയാടുന്നു. ഭരണകക്ഷിയിലെ ഒരാളെപ്പോലും പിടികൂടാനോ അന്വേഷണം നടത്താനോ ഈ ഏജൻസികൾ തയ്യാറാകുന്നില്ല. രാഷ്‌ട്രീയ ദുഷ്ടലാക്കോടെയാണ്‌ കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഏതെങ്കിലും മുഖ്യമന്ത്രിയെ അറസ്റ്റ്‌ ചെയ്യുന്നത്‌ ഇതാദ്യം. പ്രചാരണകാലത്ത് ഇങ്ങനെ പിടിച്ചുകൊണ്ടുപോകുന്നത് ചട്ടങ്ങൾക്ക് എതിരാണ്‌. ഭരണഘടനാസ്ഥാപനങ്ങൾ സംശയത്തിന്റെ നിഴലിൽ നിൽക്കാൻ പാടില്ല. പ്രതിപക്ഷ പാർടികളുടെ നേതാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പക്ഷപാതപരമായ പ്രവർത്തനങ്ങളുടെ പട്ടികയും കൈമാറി.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ടിഎംസി നേതാവ്‌ ഡെറിക്‌ ഒബ്രിയാൻ, കോൺഗ്രസ്‌ നേതാക്കളായ കെ സി വേണുഗോപാൽ, അഭിഷേക്‌ മനു സിങ്‌വി, സന്ദീപ്‌ പഥക്‌, പങ്കജ്‌ ഗുപ്‌ത(എഎപി), പി വിൽസൻ(ഡിഎംകെ), ജാവേദ്‌ അലി(എസ്‌പി), ജിതേന്ദ്ര അഹദ്‌(എൻസിപി ശരദ്‌പവാർ)തുടങ്ങിയവർ അടങ്ങുന്ന സംഘമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷനെ കണ്ടത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments