ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. ഇതിനു മുന്നോടിയായി നോർത്തേൺ റെയിൽവേയില ജോലി ഇരുവരും രാജിവച്ചിരുന്നു. ഫോഗട്ടും പുനിയയും ജനങ്ങളുടെ ഹൃദയം കവര്‍ന്നവരാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
‘പാർട്ടിക്ക് ഇത് വലിയ ദിനം’ : കെ സി വേണുഗോപാൽ
വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി നേതാവ് കെസി വേണുഗോപാലിന്റെ വാക്കുകള്‍- “ഇന്ന് ഞങ്ങൾക്ക് ഒരു വലിയ ദിവസമാണ്. അഭിമാന നിമിഷം, ഈ രണ്ട് കളിക്കാരും ഞങ്ങളോടൊപ്പം ചേരുന്നു. ഗുസ്തി താരങ്ങളുടെ കുടുംബത്തിൽ നിന്നുള്ളയാളാണ് വിനേഷ്. ഒൻപതു വയസ്സുള്ളപ്പോൾ വിനേഷിന്റെ അച്ഛൻ അവളുടെ മുന്നിൽ വെടിയേറ്റ് മരിച്ചു. ഒരു പെൺകുഞ്ഞ് അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ?
അവർ കർഷകർക്കും അഗ്നിവീരർക്കും വേണ്ടി ശബ്ദമുയർത്തുന്നു’
“അവർ (ബജ്‌രംഗ് പുനിയയും വിനേഷ് ഫോഗട്ടും) തങ്ങളുടെ മേഖലയിലെ അനീതിക്കെതിരെ ശബ്ദമുയർത്തുക മാത്രമല്ല, കർഷകർക്കും അഗ്നിവീരർക്കുമായി ശബ്ദം ഉയർത്തുകയും ചെയ്തു, ഇത് സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്,” വേണുഗോപാൽ കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ഫോഗട്ടുമായും പുനിയയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. “ചക് ദേ ഇന്ത്യ, ചക് ദേ ഹരിയാന! ലോകത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ നമ്മുടെ പ്രതിഭാധനരായ ചാമ്പ്യൻമാരായ വിനേഷ് ഫോഗട്ടിനെയും ബജ്‌റംഗ് പുനിയയെയും കണ്ടു. നിങ്ങളെ രണ്ടുപേരെയും ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു.”
മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ അദ്ദേഹം എഴുതി.അവർ (വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും) ഇരുവരും കോൺഗ്രസ് പാർട്ടിയിൽ ചേരുന്നു… പാർട്ടിയിൽ ചേരുന്നത് പാർട്ടിക്ക് വലിയ ഉണർവേകും” വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് പാർട്ടി വക്താവ് അലോക് ശർമ പറഞ്ഞു.