ന്യൂഡൽഹി: ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. സംഭവത്തെ തുടർന്ന് ഗോവിന്ദയെ മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഗോവിന്ദ മുബൈയിലെ സ്വന്തം വീട്ടിൽ വച്ച് റിവോൾവർ പരിശോധിക്കുന്നതിനിടയിലാണ് കാലിലേക്ക് അബദ്ധത്തിൽ വെടിയേറ്റത്. കാലിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തതായും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ വിലയിരുത്തി ഗോവിന്ദയുടെ റിവോൾവർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ആക്ഷൻ സിനിമകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടനാണ് ഗോവിന്ദ. 1980-കൾ മുതൽ ബോളിവുഡിൽ സജീവമായിരുന്ന ഗോവിന്ദ ഇപ്പോൾ സിനിമയിൽ സജീവമല്ല. 2019-ൽ പുറത്തിറങ്ങിയ രംഗീല രാജയാണ് ഗോവിന്ദയുടെ അവസാന ചിത്രം. ലവ് 86 എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഇൽസാം (1986), മാർതേ ഡാം തക് (1987), ഖുദ്ഗർസ് (1987), ദരിയ ദിൽ (1988), ജയ്‌സി കർണി വൈസി ഭർണി (1989), സ്വർഗ് (1990), ഹം (1991) എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചു.