ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും ചില ജില്ലകളിൽ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കടലൂർ എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾക്കും കോളേജുകൾക്കും അവധി. പുതുച്ചേരിയിൽ ഇന്നും നാളെയും അവധിയായിരിക്കും.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ തീവ്ര ന്യൂനമർദ്ദമായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും ഐഎംഡി അറിയിച്ചു. അടുത്ത മൂന്ന് ദിവസം തമിഴ്നാട്ടിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. അതിനിടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
ചെന്നൈ, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, തിരുവാരൂർ, നാഗപട്ടണം, തിരുവള്ളൂർ, കാഞ്ചീപുരം, അരിയല്ലൂർ, തഞ്ചാവൂർ എന്നീ ജില്ലകളിൽ വെള്ളി, ശനി ദിവസങ്ങളിൽ അതിശക്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കെടുതിയുണ്ടായാൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെയും പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമിയുടെയും നേതൃത്വത്തിൽ യോഗം ചേർന്നു. നാവികസേനയും സമഗ്രമായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കി.