കൊൽക്കത്ത: ഇസ്കോൺ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നത് വീടുകളിലും ക്ഷേത്രങ്ങളിലുമായി പരിമിതപ്പെടുത്തണമെന്നും വീടിന് പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡൻ്റ് രാധാരാമൻ ദാസ് പറഞ്ഞു. കാവി വസ്ത്രം ഒഴിവാക്കണമെന്നും തുളസിമാലയും തലയും മറയ്ക്കണമെന്നും തിലകക്കുറി തുടച്ചുനീക്കണമെന്നും ഇസ്കോൺ നിർദേശിച്ചു.
ഇസ്കോണിൻ്റെ എല്ലാ സന്യാസിമാരും അംഗങ്ങളും ഈ പ്രതിസന്ധി ഘട്ടത്തിൽ സ്വയം സംരക്ഷണം ഒരുക്കണമെന്നും സംഘർഷം ഒഴിവാക്കാൻ ശ്രദ്ധാലുവായിരിക്കണമെന്നും രാധാരാമൻ ദാസ് നിർദേശിച്ചു. കാവി വസ്ത്രവും നെറ്റിയിലെ കുറിയും ഒഴിവാക്കണം. ചരടുകൾ വസ്ത്രങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന വിധത്തിൽ ധരിക്കണം. തല മറയ്ക്കണം. പുറത്തിറങ്ങുമ്പോൾ സന്യാസിമാരാണെന്ന് തിരിച്ചറിയാൻ സാധിക്കാത്തവിധത്തിൽ ആയിരിക്കണം വസ്ത്രധാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമധ്യത്തിൽ നിരവധി സന്യാസിമാർ ആക്രമണത്തിനും ഭീഷണിക്കും ഇരയാകുന്ന പശ്ചാത്തലത്തിലാണ് നിർദേശങ്ങളെന്ന് രാധാരാമൻ ദാസ് ചൂണ്ടിക്കാട്ടി.ഹിന്ദു നേതാവും ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റ് ഇസ്കോൺ സന്യാസിമാർക്ക് നേരെ ആക്രമണം ഉടലെടുത്തത്. ചിന്മയ് കൃഷ്ണദാസിൻ്റെ രണ്ട് അനുയായികളും അറസ്റ്റിലായിട്ടുണ്ട്.
ചിന്മയ്‍ക്കുള്ള മരുന്നുമായി ജയിലിൽ എത്തിയ രംഗനാഥ് ശ്യാംസുന്ദർ ദാസ്, രുദ്രപതി കേശവ് ദാസ് എന്നിവരാണ് അറസ്റ്റിലായത്. ചിന്മയ് കൃഷ്ണദാസിൻ്റെ സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നും ഇസ്കോൺ അറിയിച്ചു.
ചിന്മയ് കൃഷ്ണദാസിൻ്റെ ജാമ്യാപേക്ഷ ഛത്തോഗ്രാം മെട്രോപൊളിറ്റൻ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അതിനിടെ, ചിന്മയ് കൃഷ്ണദാസിനായി ഹാജരാകേണ്ട പ്രധാന അഭിഭാഷകൻ രമൺ റോയ് അടക്കമുള്ള മറ്റ് ഹിന്ദു അഭിഭാഷകന്മാർ അക്രമത്തിനിരയായതായി ഇസ്കോൺ അറിയിച്ചു.
ഗുരുതര പരിക്കേറ്റ രമൺ റോയ് ഐസിയുവിൽ ചികിത്സയിൽ തുടരുകയാണെന്നും ഇസ്കോൺ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരന്മാരമായ 63 ഇസ്കോൺ സന്യാസിമാരെ ബംഗ്ലാദേശ് – ഇന്ത്യ അതിർത്തിയായ ബംഗ്ലാദേശിലെ ബെനാപോൾ ലാൻഡ് പോർട്ടിൽ തടഞ്ഞിരുന്നു. മതിയായ രേഖകളുമായി എത്തിയവരെയാണ് ബംഗ്ലാദേശ് കുടിയേറ്റകാര്യ പോലീസ് തടഞ്ഞത്.
ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ചു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ തേടിയ മമത ബാനർജി, പ്രധാനമന്ത്രി നരേന്ദ്ര മോദിയോ വിദേശകാര്യ മന്ത്രിയോ ബംഗ്ലാദേശുമായി സമ്പർക്കം പുലർത്തണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 ദിവസമായി കേന്ദ്രസർക്കാർ മൗനത്തിലാണെന്നും മമത ബാനർജി വിമർശിച്ചു. അതിനിടെ, ത്രിപുരയിലെ അഗർത്തലയിൽ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയത്തിനുനേരെ നടന്ന പ്രതിഷേധത്തെ അപലപിച്ചു വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.