Saturday, January 11, 2025
Homeഇന്ത്യ78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 15 ന് ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ചുവപ്പ് കോട്ടയിൽ നിന്ന് രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. അദ്ദേഹം ദേശീയ പതാക ഉയർത്തുകയും ചരിത്ര സ്മാരകത്തിൻ്റെ കൊത്തളത്തിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ‘വികസിത് ഭാരത് @ 2047’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം.

ജനപങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഈ വർഷം ചുവപ്പ് കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ 6,000 പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. യുവാക്കൾ, ഗോത്ര സമൂഹം, കർഷകർ, സ്ത്രീകൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള ഇവർ വിവിധ ഗവൺമെൻറ് പദ്ധതികളുടെ/സംരംഭങ്ങളുടെ സഹായത്തോടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരാണ്.

അടുത്തിടെ സമാപിച്ച പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെയും ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. ആസ്പിറേഷണൽ ബ്ലോക്ക് പദ്ധതിയിൽപ്പെട്ട ഓരോ ബ്ലോക്കിൽ നിന്നും ഒരു അതിഥി; ബോർഡർ റോഡ്സ് ഓർഗനൈസേഷൻ്റെ തൊഴിലാളികൾ; പ്രേരണ സ്കൂൾ പദ്ധതിയിലെ വിദ്യാർത്ഥികൾ; മുൻഗണനാ മേഖലയിലെ പദ്ധതികളിൽ പൂർത്തീകരണം കൈവരിച്ച ഗ്രാമപഞ്ചായത്തുകളിലെ സർപഞ്ചുമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പരമ്പരാഗത വസ്ത്രം ധരിച്ച 2000-ത്തോളം പേരെ ഈ മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം MyGov, ആകാശവാണി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളിൽ വിജയിച്ച മൂവായിരം (3,000) പേരും ആഘോഷങ്ങളുടെ ഭാഗമാകും.

ചടങ്ങ്

ചുവപ്പ് കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, സഹമന്ത്രി ശ്രീ സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അരമന എന്നിവർ ചേർന്ന് സ്വീകരിക്കും. ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (GoC), ലെഫ്റ്റനൻ്റ് ജനറൽ ഭവ്നിഷ് കുമാറിനെ പ്രതിരോധ സെക്രട്ടറി, പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ്, പിന്നീട് ശ്രീ നരേന്ദ്ര മോദിയെ സല്യൂട്ടിംഗ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ സംയുക്ത സേന വിഭാഗവും ഡൽഹി പോലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.

കരസേന, നാവികസേന, വ്യോമസേന, ഡൽഹി പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫീസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകുന്നത് . ഇന്ത്യൻ നാവിക സേനയാണ് ഈ വർഷത്തെ ഏകോപനം നിർവഹിക്കുന്നത് . കമാൻഡർ അരുൺ കുമാർ മേത്തയുടെ നേതൃത്വത്തിലാണ് ഗാർഡ് ഓഫ് ഓണർ നൽകുക . കരസേനാ സംഘത്തെ മേജർ അർജുൻ സിംഗ്, നാവിക സേനാ സംഘത്തെ ലെഫ്റ്റനൻ്റ് കമാൻഡർ ഗുലിയ ഭാവേഷ് എൻകെ, വ്യോമസേനാ സംഘത്തെ സ്‌ക്വാഡ്രൺ ലീഡർ അക്ഷര ഉനിയാൽ എന്നിവർ നയിക്കും. അഡീഷണൽ ഡിസിപി അനുരാഗ് ദ്വിവേദിയാണ് ഡൽഹി പൊലീസ് സംഘത്തെ നയിക്കുക.

ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ചുവപ്പ് കോട്ടയുടെ കൊത്തളത്തിലേക്ക് പോകും. അവിടെ അദ്ദേഹത്തെ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, സഹമന്ത്രി ശ്രീ സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, വ്യോമ സേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവർ അഭിവാദ്യം ചെയ്യും. തുടർന്ന് ദേശീയ പതാക ഉയർത്തുന്നതിനായി ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനൻ്റ് ജനറൽ ഭവ്നിഷ് കുമാർ,പ്രധാനമന്ത്രിയെ കൊത്തളത്തിലെ വേദിയിലേക്ക് നയിക്കും.

ലഫ്റ്റനൻ്റ് സഞ്ജീത് സൈനി ദേശീയ പതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിക്കും. ആ സമയത്ത്, 1721 ഫീൽഡ് ബാറ്ററിയുടെ (സെറിമോണിയൽ) ധീരന്മാരായ ഗണ്ണർമാർ 21 ഗൺ സല്യൂട്ട് മുഴക്കും. തദ്ദേശീയമായ 105 എംഎം ലൈറ്റ് ഫീൽഡ് തോക്കുകളേന്തുന്ന സെറിമോണിയൽ ബാറ്ററിയെ മേജർ സബ്‌നിസ് കൗശിക്ക് നയിക്കും. നായിബ് സുബേദാർ (എഐജി) അനുതോഷ് സർക്കാർ ആയിരിക്കും ഗൺ പൊസിഷൻ ഓഫീസർ.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന സമയത്ത് കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള ഓരോ ഓഫീസർമാരും 32 മറ്റ് റാങ്കുകാരും, ഡൽഹി പോലീസിലെ 128 ഉദ്യോഗസ്ഥരും അടങ്ങുന്ന ദേശീയ പതാക ഗാർഡ് രാഷ്ട്രീയ സല്യൂട്ട് സമർപ്പിക്കും. കമാൻഡർ വിനയ് ദുബെ ആയിരിക്കുംഈ ഇൻ്റർ സർവീസ് ഗാർഡിൻ്റെയും പോലീസ് ഗാർഡിൻ്റെയും .

ദേശീയ പതാക ഗാർഡിലെ കരസേനാ സംഘത്തിന് മേജർ ദിനേശ് നങ്കോമും നേവൽ സംഘത്തെ ലഫ്റ്റനൻ്റ് കമാൻഡർ സച്ചിൻ ധൻഖറും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ സിഎസ് ശ്രാവൺ ദേവയ്യയും നയിക്കും. അഡീഷണൽ ഡിസിപി അച്ചിൻ ഗാർഗാണ് ഡൽഹി പൊലീസ് സംഘത്തെ നയിക്കുക.

പതാക ഉയർത്തിയാലുടൻ ത്രിവർണപതാകയ്ക്ക് ‘രാഷ്ട്രീയ സല്യൂട്ട്’ നൽകും. ഒരു ജെസിഒയും 25 മറ്റ് റാങ്കുകാരും അടങ്ങുന്ന പഞ്ചാബ് റെജിമെൻ്റ് മിലിട്ടറി ബാൻഡ് ദേശീയ പതാക ഉയർത്തുമ്പോഴും ‘രാഷ്ട്രീയ സല്യൂട്ട്’ അവതരിപ്പിക്കുമ്പോഴും ദേശീയ ഗാനം ആലപിക്കും. സുബേദാർ മേജർ രജീന്ദർ സിംഗ് ബാൻഡിനെ നയിക്കും.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയാലുടൻ, ലൈൻ ആസ്റ്റേൺ ഫോർമേഷനിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ധ്രുവ് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പ വർഷം നടത്തും. വിങ് കമാൻഡർ അംബർ അഗർവാളും വിങ് കമാൻഡർ രാഹുൽ നൈൻവാളുമാണ് ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റൻമാർ.

പുഷ്പ വർഷത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ സമാപനത്തിൽ എൻസിസി (നാഷണൽ കേഡറ്റ് കോർ) കേഡറ്റുമാർ ദേശീയ ഗാനം ആലപിക്കും. രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള 2,000 ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ (കര, നാവിക, വ്യോമസേന) കേഡറ്റുമാർ ആഘോഷങ്ങളിൽ പങ്കെടുക്കും. ഈ കേഡറ്റുമാർ റാംപാർട്ടിന് എതിർവശത്തുള്ള ഗ്യാൻപഥിൽ ഉപവിഷ്ടരാകും. ത്രിവർണ്ണ കിറ്റുകൾ ഉപയോഗിച്ച് അവർ ‘മൈ ഭാരത്’ ലോഗോ രൂപീകരിക്കും. 500 നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വോളണ്ടിയർമാരും പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments