പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ മെട്രോ ശൃംഖലയെ കൂടുതൽ ശക്തവും വികസിതവുമാക്കുന്നതിൽ വലിയ കുതിച്ചുചാട്ടം നടത്തി. ഡൽഹി-ഗാസിയാബാദ്-മീറഠ് നമോ ഭാരത് ഇടനാഴിയുടെ 13 കിലോമീറ്റർ ഭാഗത്തിന്റെ ഉദ്ഘാടനം ഉൾപ്പെടെ ഡൽഹിയിൽ 12,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു. കൂടാതെ, പടിഞ്ഞാറൻ ഡൽഹിക്ക് ഗുണം ചെയ്യുന്ന 2.8 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി മെട്രോ നാലാം ഘട്ടത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുകയും ഡൽഹിയും ഹരിയാനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി 26.5 കിലോമീറ്റർ ദൈർഘ്യമുള്ള റിഠാല-കുണ്ഡ്‌ലി വിഭാഗത്തിന് തറക്കല്ലിടുകയും ചെയ്തു.
മെട്രോ സംവിധാനങ്ങൾ ഇപ്പോൾ കൂടുതൽ ദൂരം സഞ്ചരിക്കുകയും പ്രതിദിനം ഒരു കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകുകയും ചെയ്യുന്നതിനാൽ ഈ പദ്ധതികൾ ഗതാഗതത്തിലെ പ്രധാന നാഴികക്കല്ലാണ്. ഈ വളർച്ചയോടെ 2022 ലെ മെട്രോ റെയിൽ പദ്ധതികളിൽ ഇന്ത്യ ജപ്പാനെ മറികടന്നു. നിലവിൽ പ്രവർത്തനക്ഷമമായ മെട്രോ ശൃംഖലയുടെ ദൈർഘ്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയായി മാറാനുള്ള പാതയിലാണ്.
ഇന്ത്യയിലെ മെട്രോ ചരിത്രത്തിലെ നാഴികക്കല്ലുകൾ
മെട്രോ സംവിധാനങ്ങളുടെ ഇടനാഴികളും പാതകളും പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച യാത്രയിലൂടെ ഇന്ത്യയിലെ നഗര യാത്രയെ പുനർനിർമ്മിച്ചു. 1969-ൽ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് പ്രോജക്ട് വഴി മെട്രോ സംവിധാനത്തിനുള്ള സംരംഭം ആരംഭിച്ചു. എന്നിരുന്നാലും, ആദ്യചുവടു യാഥാർത്ഥ്യമാകാൻ ഏകദേശം രണ്ട് പതിറ്റാണ്ടെടുത്തു.
1984: എസ്പ്ലാനേഡിനും ഭോവാനിപൂരിനും ഇടയിൽ 3.4 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ പാത കൊൽക്കത്തയിൽ തുറന്നു. ഇതോടെ ഇന്ത്യയിലെ മെട്രോ ജീവിതത്തിന് തുടക്കമായി
1995: ലോകോത്തര നിലവാരമുള്ള ബഹുജന അതിവേഗ ഗതാഗതം ഡൽഹിയിലേക്ക് കൊണ്ടുവരുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സ്ഥാപിതമായി. കേന്ദ്ര ഗവൺമെന്റിന്റെയും ഡൽഹി ഗവൺമെന്റിന്റെയും സംയുക്ത പങ്കാളിത്തത്തോടെ പദ്ധതിക്ക് വേഗത കൈവന്നു
2002: ഡിഎംആർസി ഡൽഹിയിലെ ഷഹ്ദാരയ്ക്കും തീസ് ഹസാരിക്കും ഇടയിൽ ആദ്യത്തെ മെട്രോ ഇടനാഴി തുറന്നു. ഇത് രാജ്യത്തെ ഏറ്റവും വലിയ മെട്രോ ശൃംഖലകളിലൊന്നിന് കളമൊരുക്കി
2011: നമ്മ മെട്രോയുടെ (ബെംഗളൂരു മെട്രോ) ആദ്യ ഭാഗം നിർമ്മിച്ചു
2017: ദക്ഷിണേന്ത്യയിലെ മെട്രോ വികസനത്തിന്റെ സുപ്രധാന നാഴികക്കല്ലായി കോയമ്പേടു മുതൽ നെഹ്റു പാർക്ക് വരെയുള്ള ഗ്രീൻ ലൈനിലെ ആദ്യത്തെ ഭൂഗർഭ ഭാഗത്തിന്റെ ഉദ്ഘാടനത്തോടെ ചെന്നൈ മെട്രോ വിപുലീകരിച്ചു.
2020: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായി, തൈക്കൂടം-പേട്ട പാത കമ്മീഷൻ ചെയ്തു. ഇത് കേരളത്തെ ഇന്ത്യയിലെ വളരുന്ന മെട്രോ ശൃംഖലയുടെ ഭാഗമാക്കി. പ്രധാന നഗരങ്ങളിലുടനീളമുള്ള മെട്രോ സംവിധാനങ്ങളിലെ ഈ പ്രധാന സംഭവവികാസങ്ങൾ ഇന്ന് ദശലക്ഷക്കണക്കിന് പേരെ കൂട്ടിയിണക്കുന്ന വിശാലവും കാര്യക്ഷമവുമായ മെട്രോ ശൃംഖലയ്ക്ക് അടിത്തറ പാകി.
മെട്രോ സംവിധാനങ്ങളിലെ മുന്നേറ്റങ്ങൾ
ഭാവിയിലേക്കുള്ള നൂതനമായ പ്രതിവിധികൾ സ്വീകരിച്ചുകൊണ്ട് ഇന്ത്യയിലെ മെട്രോ വിപുലീകരണം ഭൂമിയെ അടിസ്ഥാനമാക്കിയുള്ള ഗതാഗതത്തിനപ്പുറം കടന്നിരിക്കുന്നു. നദിക്കടിയിലെ തുരങ്കങ്ങൾ മുതൽ ഡ്രൈവറില്ലാ ട്രെയിനുകളും ജല മെട്രോകളും വരെ, ആധുനിക നഗര സഞ്ചാരത്തിൽ ഇന്ത്യ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണ്.
ജലത്തിനടിയിലൂടെയുള്ള മെട്രോ: 2024 ൽ ഇന്ത്യയിലെ ആദ്യത്തെ അന്തർ ജല മെട്രോ തുരങ്കം കൊൽക്കത്തയിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. അവിടെ എസ്പ്ലാനേഡ്-ഹൗറ മൈദാൻ ഭാഗം ഹൂഗ്ലി നദിക്ക് അടിയിലൂടെ കടന്നുപോകുന്നു. ഈ ശ്രദ്ധേയമായ നേട്ടം ഇന്ത്യയുടെ എഞ്ചിനീയറിംഗ് കഴിവുകൾ പ്രകടമാക്കുന്നു.
ഡ്രൈവറില്ലാത്ത മെട്രോ: 2020 ഡിസംബർ 28 ന് ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ ഇന്ത്യ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സേവനം ആരംഭിച്ചു. ഇത് പൊതുഗതാഗത അതിയന്ത്രവൽക്കരണത്തിൽ പുതിയ മാനദണ്ഡം സ്ഥാപിച്ചു.
കൊച്ചി ജല മെട്രോ: നഗരത്തിന് ചുറ്റുമുള്ള 10 ദ്വീപുകളെ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളുമായി ബന്ധിപ്പിക്കുന്ന ജല മെട്രോ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരമായി കൊച്ചി മാറി. 2021 ഡിസംബറിൽ ആദ്യ ബോട്ട് സമാരംഭിച്ചതോടെ തടസ്സമില്ലാത്ത സമ്പർക്കസൗകര്യം ഈ സംരംഭം ഉറപ്പാക്കുന്നു.
മൂന്ന് മെട്രോ റെയിൽ പദ്ധതികൾക്ക് അംഗീകാരം:
ബെംഗളൂരു മെട്രോ പദ്ധതി: രണ്ട് ഇടനാഴികൾ ഉൾക്കൊള്ളുന്ന 44 കിലോമീറ്റർ വിപുലീകരണം.
ഠാണെ മെട്രോ പദ്ധതി: ഠാണെയിലെ റോഡുകളിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള 29 കിലോമീറ്റർ ശൃംഖല.
പുണെ മെട്രോ പദ്ധതി: പുണെയിലെ നഗര സഞ്ചാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള 5.5 കിലോമീറ്റർ പാത. ആഭ്യന്തര പുരോഗതിയ്ക്കൊപ്പം, മെട്രോ റെയിൽ സംവിധാനങ്ങളിലെ ഇന്ത്യയുടെ വൈദഗ്ധ്യത്തിൽ അന്താരാഷ്ട്ര താൽപ്പര്യം വർധിച്ചുക്കുകയാണ്.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) നിലവിൽ ബംഗ്ലാദേശിൽ മെട്രോ സംവിധാനം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനൊപ്പം ജക്കാർത്തയിൽ കൺസൾട്ടൻസി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇസ്രായേൽ, സൗദി അറേബ്യ (റിയാദ്), കെനിയ, എൽ സാൽവദോർ തുടങ്ങിയ രാജ്യങ്ങളും മെട്രോ വികസന പദ്ധതികൾക്കായി ഡിഎംആർസിയുമായി സഹകരിക്കുന്നുണ്ട്.
ഉപസംഹാരം
കൊൽക്കത്തയിലെ ആദ്യ ചുവടുകൾ മുതൽ ഇന്ന് കാണുന്ന നൂതന സാങ്കേതിക സവിശേഷതകൾ വരെ ഇന്ത്യയുടെ മെട്രോ സംവിധാനങ്ങൾ ഒരുപാട് മുന്നോട്ട് പോയി. നഗരങ്ങളിലുടനീളം പദ്ധതികൾ വികസിക്കുകയും ഡ്രൈവറില്ലാ ട്രെയിനുകൾ, നദിക്കടിയിലെ തുരങ്കങ്ങൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന മെട്രോ ശൃംഖല യാത്രയെ പുനർനിർമ്മിക്കുക മാത്രമല്ല, സുസ്ഥിര നഗരവികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്നു. ശൃംഖല വളർന്നു കൊണ്ടിരിക്കുന്നതിനാൽ, അത് നഗര ചലനാത്മകതയ്ക്ക് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും കൂടുതൽ കൂട്ടിയിണക്കപ്പെട്ട ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.