രാജസ്ഥാനിലെ ജയ്പൂര്‍- അജ്മീര്‍ ഹൈവേയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ വന്‍ അപകടത്തില്‍ പതിനാല് പേര്‍ മരിച്ചു. സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഗ്യാസ് ടാങ്കറും ഒന്നിലധികം വാഹനങ്ങളും കൂട്ടിയിടിച്ച് വന്‍ സ്‌ഫോടനമുണ്ടാകുകയായിരുന്നു. ടാങ്കര്‍ അപകടത്തില്‍പെട്ട് മിനുട്ടുകള്‍ക്കകം ഗ്യാസ് ചോരുകയും തീ പടരുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവത്തില്‍ രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. ജനുവരി 20 മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ 5 ലക്ഷം രൂപയും കേന്ദ്രം രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈവേയ്ക്ക് സമീപമുള്ള താമസസ്ഥലത്തെ തീ വിഴുങ്ങുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തെരുവില്‍ പുക നിറയുന്നതും സ്ഫോടനവും തീപിടുത്തവും ദൃശ്യങ്ങളിലുണ്ട്.
കൂട്ടിയിടി മൂലമുണ്ടായ തീജ്വാലകള്‍ ഒരു കിലോമീറ്റര്‍ അകലെ നിന്ന് ദൃശ്യമായിരുന്നു. ആകാശത്ത് കട്ടിയുള്ള കറുത്ത പുക നിറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയുടെ 300 മീറ്ററോളം നീളമുള്ള ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തീപിടിത്തത്തില്‍ 30 വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.