എല്ലാവർക്കും നമസ്കാരം
പാലക്കാട് പലഹാരങ്ങളുടെ നാടാണ്. മറ്റു ജില്ലകളിൽ കാണാത്ത പലഹാരങ്ങൾ പലതും പാലക്കാടിനു സ്വന്തമായുണ്ട്. രുചിയിലും വലിയ വ്യത്യാസം ഉണ്ട് പാലക്കാടൻ വിഭവങ്ങൾക്ക്. അതുപോലെ പാലക്കാട്ടുകാർക്കു മാത്രം അറിയാവുന്ന ഒരു നാലുമണി പലഹാരമാണ് ഇന്നത്തെ കഥാപാത്രം.
മനോഹരം പേരു പോലെ തന്നെ രുചിയുള്ള പലഹാരമാണ്. കടലമാവും അരിപ്പൊടിയും ശർക്കരപ്പാവും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു പലഹാരം. പേര് പോലെതന്നെ നല്ല രുചികരമായ കറുമുറെ കഴിക്കാൻ പറ്റുന്ന ഒരു മധുര പലഹാരം.
🌼മനോഹരം 🌼
🌼ആവശ്യമുള്ള സാധനങ്ങൾ
🌼 കടലമാവ് – 1 കപ്പ്
🌼അരിപ്പൊടി – 1/4 കപ്പ്
🌼 വെള്ളം കുഴക്കാൻ ആവശ്യമായത്
🌼 എണ്ണ വറുക്കാൻ ആവശ്യമായത്
🌼നാളികേരം ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
🌼 നെയ്യ് – 3 ടീസ്പൂൺ
🌼 ഏലയ്ക്ക പൊടിച്ചത് – 1/4 ടീ സ്പൂൺ
🌼 ചുക്ക് പൊടിച്ചത് – 1/4 ടീ സ്പൂൺ
🌼 ശർക്കര – 250 ഗ്രാം
🌼 വെള്ളം – 5 ടീസ്പൂൺ
🌼 പഞ്ചസാര – 5 ടീ സ്പൂൺ
🌼 ഉണ്ടാക്കുന്ന വിധം
🌼നാളികേരം നെയ്യിൽ വറുത്തു കോരുക.
🌼ഒരു പാത്രത്തിൽ കടലമാവും അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. നാളികേരം വറുത്ത നെയ്യ് പൊടിയിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചു വയ്ക്കുക.(മാവ് ഒരുപാട് അയവിൽ ആവരുത്)
🌼 ശർക്കര 5 ടീ സ്പൂൺ വെള്ളം ചേർത്തുരുക്കി അരിച്ചു, വീണ്ടും സ്റ്റൗവിൽ വച്ചു പാവാക്കുക. (ഒരു നൂൽ പാകം)
🌼 എണ്ണ ചൂടാക്കി തയ്യാറാക്കിയ മാവു കൊണ്ട് ബൂന്ദി ഉണ്ടാക്കുക. (കണ്ണാപ്പ (ഓട്ടയുള്ള വലിയ സ്പൂൺ) എണ്ണയുടെ മുകളിൽ പിടിച്ച് കുറേശ്ശെ മാവെടുത്ത് ഒഴിച്ച് കുഞ്ഞുതുളളികളായി തിളച്ച എണ്ണയിലേക്ക് വീണ് മൊരിഞ്ഞു വരുന്നു), വാരിയെടുത്ത് പരന്ന പാത്രത്തിൽ നിരത്തുക.
🌼 വറുത്തു വച്ചിരിക്കുന്ന തേങ്ങയും ചേർത്ത് നന്നായി ഇളക്കുക
🌼 മുകളിലേക്ക് ചൂടുള്ള വെല്ലപ്പാവ് ഒഴിക്കുക. നന്നായി യോജിപ്പിക്കുക. ഒട്ടുന്ന പാകമായിരിക്കും ഇപ്പോൾ ഇത്.
🌼 ഏലയ്ക്ക, ചുക്ക് പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക.
🌼 രുചികരമായ പാലക്കാടൻ മധുരപലഹാരം മനോഹരം തയ്യാർ.
🌼 എന്താ ഒന്നു പരീക്ഷിച്ചു നോക്കാം ല്ലേ.