കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച സമകാലിക ലോക ചലച്ചിത്രാചാര്യന്മാരില്‍ പ്രമുഖനായ തുര്‍ക്കി സംവിധായകന്‍ നൂരി ബില്‍ഗെ ജെയ്‌ലാന്റെ ‘കൈ്‌ളമേറ്റ്‌സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
2008ലെ കാന്‍ മേളയില്‍ ‘ത്രീ മങ്കീസ്’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജെയ്‌ലാന്‍ 2016ല്‍ ‘വിന്റര്‍ സ്ലീപ്’ എന്ന ചിത്രത്തിലൂടെ പാം ദോറും നേടിയിട്ടുണ്ട്. 2002ലും 2011ലുമായി രണ്ടു തവണ കാന്‍ മേളയില്‍ ഗ്രാന്റ് പ്രി പുരസ്‌കാരവും ലഭിച്ചു.
2006ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമയാണ് ‘കൈ്‌ളമേറ്റ്‌സ്’. കാനില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം കൈ്‌ളമേറ്റ്‌സിന് ലഭിച്ചിരുന്നു. സംവിധായകനായ നൂരി ബില്‍ഗെ ജെയ്‌ലാനും ഭാര്യ ഇബ്രു ജെയ്‌ലാനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടിയും തിരക്കഥാകൃത്തും കലാസംവിധായികയും ഫോട്ടോഗ്രാഫറുമാണ് ഇബ്രു.
കാസ് എന്ന വിനോദസഞ്ചാര കേന്ദ്രത്തില്‍ വേനലവധി ആഘോഷിക്കാനത്തെിയ രണ്ടു ദമ്പതിമാര്‍ക്കിടയിലുള്ള അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് ചിത്രത്തില്‍ ജെയ്‌ലാന്‍ അവതരിപ്പിക്കുന്നത്. ഈസ ഒരു സര്‍വകലാശാല അധ്യാപകനാണ്. ബാഹര്‍ ഒരു ടെലിവിഷന്‍ പരമ്പരയുടെ കലാസംവിധായികയും. ഇരുവരും പരസ്പരം പിരിയാന്‍ തീരുമാനിക്കുന്നു. ശീതകാലത്ത് അവധി ആഘോഷിക്കാന്‍ ഈസ മഞ്ഞു നിറഞ്ഞ അഗ്രി പ്രവിശ്യയിലത്തെുമ്പോള്‍ ബാഹറിനെ അവിടെ കണ്ടുമുട്ടുന്നു. 98 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.